17 സീറ്റിൽ മത്സരിച്ച സി.പി.എം സിറ്റിങ് സീറ്റുകൾ കൈവിട്ടു; രണ്ടിടത്ത് രണ്ടാമത്
text_fieldsസി.പി.എം സ്ഥാനാർഥി അംറ റാം
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സി.പി.എം സിറ്റിങ് സീറ്റുകളും കൈവിട്ടു. 200 അംഗ നിയമസഭയിൽ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികൾ മത്സരിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ ലീഡ് പിടിച്ചിരുന്നു.
അതേസമയം, സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. നാലുവട്ടം എം.എൽ.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ മത്സരിച്ചെങ്കിലും ജനവിധി എതിരായി. അതേസമയം, ഭദ്രയിൽ ബൻവൻ പുനിയയും ദോഡിൽ പേമ റാമും രണ്ടാം സ്ഥാനം പിടിച്ചതായാണ് റിപ്പോർട്ട്.
സീക്കർ -ഉസ്മാൻ ഖാൻ, അനുമാൻ ഗഡ് -രഘുവീർ വർമ, ലക്ഷ്മൺഗഡ്-വിജേന്ദ്ര ധാക്ക, നോഹർ -മംഗേഷ് ചൗധരി, റായ്സിങ് നഗർ -ഷോപത്റാമ മേഘ്വാൾ, അനൂപ്ഗഡ് -ശോഭാസിങ് ധില്ലൻ, ദുംഗർപൂർ -ഗൗതം തോമർ, താരാനഗർ -നിർമൽകുമാർ പ്രജാപത്, സർദാർഷഹർ -ഛഗൻലാൽ ചൗധരി, ജദൗൾ -പ്രേം പർഗി, ലഡ്നു -ഭഗീരഥ് യാദവ്, നവൻ -കാനാറാം ബിജാരനിയ, സാദുൽപൂർ -സുനിൽ പുനിയ എന്നിവരായിരുന്നു മത്സരിച്ച മറ്റു സ്ഥാനാർഥികൾ.
2018ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സി.പി.എം. വിജയിക്കുകയും രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. മറ്റ് അഞ്ചിടങ്ങളിൽ 45,000ഓളം വോട്ട് പാർട്ടിക്കുണ്ടായിരുന്നു.
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ച തെറ്റിപിരിഞ്ഞതോടെയാണ് കോൺഗ്രസും സി.പി.എമ്മും രണ്ടായി മത്സരിക്കുന്നതിന് വഴിവെച്ചത്. ഇൻഡ്യ മുന്നണിയുടെ പൊതുതാൽപര്യം മുൻനിർത്തിയുള്ള വിട്ടുവീഴ്ച ഒന്നും ഇരുപാർട്ടികൾക്കിടയിൽ ഉണ്ടായില്ല. സി.പി.എമ്മിന് പരമാവധി മൂന്നു സീറ്റ് നൽകാമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സുഖ്ജിന്ദർസിങ് രൺധാവ അറിയിച്ചത്.
ഇൻഡ്യ മുന്നണിയുടെ വിശാല കാഴ്ചപ്പാടോടെ സീറ്റു ധാരണയുണ്ടാക്കാൻ വിട്ടുവീഴ്ചകൾക്കൊന്നും കോൺഗ്രസ് തയാറായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് 17 സീറ്റിലും പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിച്ചത്.
ഇൻഡ്യ എന്ന കൂട്ടായ്മയോടുള്ള കൂട്ടുത്തരവാദിത്തം കാട്ടുന്ന വിധം സീറ്റ് നീക്കുപോക്കുകൾക്ക് തയാറാകാത്ത കോൺഗ്രസിനോടുള്ള അമർഷം കുറുമുന്നണിയെന്ന പോലെ സി.പി.എമ്മും മറ്റ് ഇടതുപാർട്ടികളും സമാജ്വാദി പാർട്ടിയും പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റിൽ ജയിച്ച സി.പി.എം 17 സീറ്റിൽ മത്സരിച്ചപ്പോൾ, ചില മണ്ഡലങ്ങളിൽ അത് കോൺഗ്രസിന്റെ സാധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ടാകാം.

