24 മണിക്കൂർ മുമ്പ് യാത്രക്കാരുടെ പട്ടിക; പരീക്ഷണവുമായി റെയിൽവേ
text_fieldsന്യൂഡൽഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉറപ്പായോ എന്നറിയാൻ ഇനി അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരില്ല, സ്ഥിരീകരിച്ച സീറ്റുകളുള്ള ചാർട്ട് 24 മണിക്കൂർ മുമ്പ് അറിയിക്കാനൊരുങ്ങി റെയിൽവേ. നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമേ ചാർട്ട് പുറത്തിറക്കൂ. ഇത് 24 മണിക്കൂർ മുമ്പ് തയാറാക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.
ജൂൺ ആറുമുതൽ രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചു. നിലവിൽ ഒരു ട്രെയിനിൽ മാത്രമാണ് പരീക്ഷണം നടത്തുന്നത്. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും ആഴ്ചകൾകൂടി പരീക്ഷണം തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി പേർക്ക് ട്രെയിൻ പുറപ്പെടുന്ന സമയത്ത് എത്തിച്ചേരാനടക്കമുള്ള പ്രയാസം നേരിട്ടിരുന്നു. ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ മറ്റു ഗതാഗതമാർഗങ്ങൾ തേടാനും പുതിയ മാറ്റം ഉപകാരപ്പെടും.

