തെലങ്കാന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ വസതികളിൽ റെയ്ഡ്; 9.41 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി:ആസ്തികൾ 50 കോടി കടന്നേക്കുമെന്ന് എ.സി.ബി
text_fieldsഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്റെ വസതികളിലും ബന്ധമുള്ള സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ ഏകദേശം 9.41 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയതായി അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അറിയിച്ചു.
മഹബൂബാബാദ് ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ ജില്ലാ മാനേജർ (ടെക്നിക്കൽ) ആയി പ്രവർത്തിക്കുന്ന വി. നരസിംഹ റാവുവിനെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥനുമായും ബന്ധുക്കളുമായും അടുത്ത ബന്ധമുള്ളവരുമായും ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഖമ്മം കലക്ടറേറ്റിലും നേരത്തെ ജോലി ചെയ്തിരുന്ന റാവു, തന്റെ സർവീസ് കാലയളവിൽ ഔദ്യോഗിക ചുമതലകൾ വഹിക്കുന്നതിനിടെ അഴിമതിയിലൂടെ സ്വത്തുക്കൾ സമ്പാദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വരുമാനസ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് സംശയം.
2018-ൽ ഭേദഗതി ചെയ്ത അഴിമതി നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എ.സി.ബി അറിയിച്ചു. അന്വേഷണം തുടരുകയാണ്. ഖമ്മം ജില്ലയിലെ ബല്ലേപള്ളി, രഘുനാഥപാലം, വെലുഗുമത്ല എന്നിവിടങ്ങളിലായി അഞ്ച് ഒഴിഞ്ഞ പ്ലോട്ടുകൾ അന്വേഷണത്തിൽ കണ്ടെത്തി. ആകെ 1,230.16 ചതുരശ്ര യാർഡ് വിസ്തീർണമുള്ള ഈ ഭൂമികൾ ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രേഖകളിലെ മൂല്യം 30.72 ലക്ഷം രൂപയാണ്.
സൂര്യാപേട്ട് ജില്ലയിലും കൃഷിഭൂമികൾ കണ്ടെത്തിയിട്ടുണ്ട്. കമല ചെരുവ്, സിരിക്കൊണ്ട, മൊഥെ മണ്ഡലങ്ങളിലാണ് ഭൂമിയുള്ളത്. നവാവരത്ത് ഏകദേശം 5.31 ഏക്കർ വീതമുള്ള രണ്ട് ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. കണ്ടെത്തിയ കൃഷിഭൂമികളുടെ രേഖാമൂല്യത്തിലും കരാർ മൂല്യത്തിലും വ്യത്യാസമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഖമ്മമിലെ കവിരാജ് നഗറിലുള്ള ജി+2 ആർസിസി കെട്ടിടം, എൽ.ബി നഗറിലെ ബദംഗ്പേട്ട് സാഗർ എൻക്ലേവിലുള്ള ജി+4 ആർസിസി കെട്ടിടം, ഇതേ മേഖലയിലെ മറ്റൊരു കെട്ടിടം എന്നിവയും കണ്ടെത്തിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥൻ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ പേരുകളിലാണ് കെട്ടിടങ്ങൾ. ഇവയുടെ ആകെ രേഖാമൂല്യം 1.58 കോടി രൂപയാണ്.
ഹ്യുണ്ടായ് ക്രെറ്റ കാർ (18.49 ലക്ഷം രൂപ), ടി.വി.എസ് ജുപിറ്റർ സ്കൂട്ടർ (1.05 ലക്ഷം രൂപ), ഹോണ്ട ആക്ടിവ 4ജി സ്കൂട്ടർ (50,000 രൂപ) എന്നിവയും കണ്ടെത്തി. വീട്ടുപകരണങ്ങളുടെ മൂല്യം 33.48 ലക്ഷം രൂപയായി കണക്കാക്കിയിട്ടുണ്ട്. ഏകദേശം 360.97 ഗ്രാം സ്വർണാഭരണങ്ങളും 331.58 ഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെത്തി. ഇവയുടെ ആകെ മൂല്യം 9.39 ലക്ഷം രൂപയാണ്. ഉദ്യോഗസ്ഥന്റെ വസതിയിൽനിന്ന് 15,600 രൂപയും പിടിച്ചെടുത്തു.
കണ്ടെത്തിയ സ്ഥാവര സ്വത്തുക്കളുടെ വിപണിമൂല്യം രേഖകളിൽ കാണിച്ചിരിക്കുന്നതിനെക്കാൾ വളരെ കൂടുതലായിരിക്കാമെന്നും ഇത് 50 കോടി രൂപയിൽ അധികമാകാൻ സാധ്യതയുണ്ടെന്നും എ.സി.ബി അറിയിച്ചു. മറ്റൊരാളുടെ പേരിൽ രഹസ്യമായി സ്വന്തമാക്കിയതാണെന്ന് സംശയിക്കുന്ന അരിമില്ലിനെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്വത്തുക്കൾ വാങ്ങുന്നതിനുള്ള പണത്തിന്റെ ഉറവിടവും യഥാർഥ ഉടമസ്ഥാവകാശവും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
സ്വത്തുക്കളുടെ മൂല്യവും ഉടമസ്ഥാവകാശവും സംബന്ധിച്ച കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും കേസ് അന്വേഷണം തുടരുകയാണെന്നും എ.സി.ബി വ്യക്തമാക്കി.

