പഞ്ചാബിൽ 'ജെൻ സി'യെ ലക്ഷ്യമിട്ട് കോൺഗ്രസ്; കനഗോലുവിന്റെ സംഘം കളത്തിൽ; കടിഞ്ഞാൺ ഹൈക്കമാൻഡിന്
text_fieldsചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസത്തിൽ താഴെ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ അധികാരം തിരിച്ചുപിടിക്കാൻ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനും സംസ്ഥാനത്തെ ആം ആദ്മി പാർട്ടി സർക്കാരിനുമെതിരായ ജനവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ 'ജെൻ സി' യുവതലമുറയെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് പാർട്ടി രൂപകൽപ്പന ചെയ്യുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് പഞ്ചാബ് വിജയം അനിവാര്യമാണെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുവാക്കളുടെ പ്രശ്നങ്ങൾ നിരന്തരം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മ, ലഹരി വ്യാപനം, ക്രമസമാധാന തകർച്ച, സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നിവയാകും പ്രചാരണത്തിൽ കോൺഗ്രസ് പ്രധാനമായും ഉയർത്തിക്കാട്ടുക. ഇതിനായി പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘത്തെ പഞ്ചാബിൽ നിയോഗിച്ചുകഴിഞ്ഞു.
ഹൈക്കമാൻഡ് നേരിട്ട് നിയന്ത്രിക്കും; സർവേകൾ തുടങ്ങി
പഞ്ചാബിലെ മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണ പരിപാടികൾ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും എ.ഐ.സി.സിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര നേതൃത്വവും നേരിട്ട് നിരീക്ഷിക്കും. സംസ്ഥാനത്തെ ഗ്രൂപ്പ് പോരുകൾ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ സ്വന്തം നിലയിൽ പ്രത്യേക സർവേകൾ നടത്തി സ്ഥാനാർത്ഥികളെ അന്തിമമാക്കും. 2012-ൽ പ്രാദേശിക നേതൃത്വത്തെ മാത്രം പൂർണമായി ആശ്രയിച്ച് തെരഞ്ഞെടുപ്പ് കൈവിട്ട അനുഭവം ആവർത്തിക്കാതിരിക്കാനാണ് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടൽ. സംസ്ഥാന നേതാക്കൾക്കുള്ള ചുമതലകൾ കേന്ദ്ര നേതൃത്വം നേരിട്ട് വിഭജിച്ച് നൽകും.
ഗ്രൂപ്പ് പോര് പുകയുന്നു; രാജാ വാറിംഗിന്റെ സമാന്തര നീക്കം
മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി അടുത്ത നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷനായിരുന്ന അമരീന്ദർ സിംഗ് രാജാ വാറിംഗിനെയും സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഭൂപേഷ് ബാഗേലിനെയും മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഒളിമ്പ്യൻ പർഗത് സിംഗിനെ പുതിയ പി.സി.സി അധ്യക്ഷനായി നിയമിച്ചെങ്കിലും, പാർട്ടിയിൽ ചേരിപ്പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ലുധിയാന എം.പിയായ രാജാ വാറിംഗ് സമാന്തര ശക്തികേന്ദ്രമായി മാറാൻ ശ്രമിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പർഗത് സിംഗിന്റെ സ്ഥാനാരോഹണ ചടങ്ങിന് മുമ്പും ശേഷവും സ്വന്തം വസതിയിൽ ജില്ലാ പ്രസിഡന്റുമാരുടെയും മുൻ എം.എൽ.എമാരുടെയും യോഗം വിളിച്ച് വാറിംഗ് ശക്തിപ്രകടനം നടത്തി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ 'വോട്ട് ചോരി' മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴും സംസ്ഥാനത്തെ മറ്റ് നേതാക്കളോടൊപ്പം ചേരാൻ അദ്ദേഹം തയ്യാറായില്ല.
പഞ്ചാബ് കോൺഗ്രസിന്റെ പുനരുജ്ജീവന ചുമതലയുള്ള സച്ചിൻ പൈലറ്റിന് വലിയ തലവേദനയാണ് ഈ ആഭ്യന്തര തർക്കങ്ങൾ. മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന ചരൺജിത് സിംഗ് ചന്നി, സുഖ്ജീന്ദർ രൺധാവ, പ്രതാപ് സിംഗ് ബജ്വ, രാജാ വാറിംഗ് എന്നിവരെ ഒരൊറ്റ വേദിയിൽ അണിനിരത്തുകയും പർഗത് സിംഗിന് കീഴിൽ ഐക്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

