ഡികെ ശിവകുമാറും സിദ്ധരാമയ്യയും നേർക്കുനേർ; കർണാടകയിൽ വനിതാ മന്ത്രിയെ ഉൾപ്പെടുത്താൻ കഴിയാതെ കോൺഗ്രസ്
text_fieldsസിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ വനിതാ മന്ത്രിയെ ഉൾപ്പെടുത്താൻ വൈകുന്നതിനു കാരണം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലെ അധികാരത്തർക്കം.
ശിവകുമാർ മന്ത്രിസഭ അധികാരത്തിൽ മൂന്നര മാസം പിന്നിട്ടിട്ടും വനിത മന്ത്രിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമായ സൗമ്യ റെഡ്ഡി രാജിവെച്ചിരുന്നു. ഇതോടെയാണ് വനിത പ്രാതിനിധ്യത്തെ ചൊല്ലി വീണ്ടും ചർച്ചകൾ ഉയരുന്നത്.
ഡി.കെ. ശിവകുമാർ തന്റെ വിശ്വസ്തയും മുൻ മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാൾക്കറെ മന്ത്രിയാക്കാൻ ശ്രമിക്കുമ്പോൾ, സിദ്ധരാമയ്യയും മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളും സന്ധൂർ എം.എൽ.എ ഇ. അന്നപൂർണ തുക്കാറാമിനെയാണ് പിന്തുണക്കുന്നത്. ബെള്ളാരി ലോക്‌സഭാംഗമായ ടി. തുക്കാറാമിന്റെ ഭാര്യയും പട്ടികവർഗ വിഭാഗം നേതാവുമാണ് അന്നപൂർണ.
അഴിമതിക്കേസിനെ തുടർന്ന് ബി. നാഗേന്ദ്ര രാജിവെച്ചതോടെ കർണാടക മന്ത്രിസഭയിൽ നിലവിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. എന്നാൽ, ബെള്ളാരി മേഖലയിലെ പട്ടികവർഗ വിഭാഗം പ്രതിനിധിയായി തനിക്ക് അല്ലെങ്കിൽ മറ്റാർക്കും മന്ത്രിസ്ഥാനം നൽകരുതെന്നാണ് നാഗേന്ദ്രയുടെ നിലപാട്.
നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ഈ ഒഴിവുകൾ നികത്താനും, അതിലൊന്ന് ഒരു വനിതക്ക് നൽകാനും കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നുണ്ട്.
ലക്ഷ്മി ഹെബ്ബാൾക്കർ, നയന മോത്തമ്മ, കനീഷ് ഫാത്തിമ, അന്നപൂർണ തുക്കാറാം, രൂപകല ശശിധർ എന്നീ അഞ്ച് വനിതാ എം.എൽ.എമാരും, ഉമാശ്രീ അടക്കമുള്ള നാല് വനിതാ എം.എൽ.സിമാരുമാണ് കോൺഗ്രസിലുള്ളത്. എന്നാൽ, വിവിധ രാഷ്ട്രീയ സമവാക്യങ്ങളും ജാതിഘടകങ്ങളും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമാകുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
മന്ത്രിസഭാ വിപുലീകരണവും ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമുള്ള നിയമനങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പലതവണ ഡൽഹിയിലേക്ക് യാത്ര നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, ദീപാവലിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, ഹരിപ്രസാദ് തുടങ്ങിയ സംസ്ഥാന നേതാക്കളുടെ യോഗം ഡൽഹിയിൽ വിളിച്ചുചേർക്കും. ഈ യോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

