പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം പരിഗണിക്കാതെ ഇന്നും പാർലമെൻറ് പിരിഞ്ഞു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ബഹളം മൂലം മോദി സർക്കാറിനെതിരെ ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശം പാർട്ടിയും കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാർലമെൻറ് ഇന്നത്തേക്ക് പിരിഞ്ഞു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ബഹളത്തെ തുടർന്ന് സ്പീക്കർ സുമിത്രാ മഹാജൻ 12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും പാർട്ടികൾ ബഹളം തുടർന്നു.
പാർട്ടികൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ അത് ചർച്ചക്കെടുക്കാൻ താൻ ബാധ്യസ്ഥയാണെന്ന് സ്പീക്കർ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടുേമ്പാൾ വോട്ട് കൃത്യമായി തിരിച്ചറിയണമെങ്കിൽ ബഹളം നിർത്തി സമാധാനം പാലിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറുടെ വാക്കുകൾ ചെവികൊള്ളാൻ അംഗങ്ങൾ തയാറായില്ല. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവർത്തകരാണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസിൽ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർഥിച്ചു.
രാജ്യസഭയിലും പ്രതിപക്ഷ പാർട്ടികൾ ബഹളം വെച്ചു. പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചു. ഇതേതുടർന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
