പുഷ്പക് എക്സ്പ്രസിലെ കൂട്ടബലാത്സംഗ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsമുംബൈ: ഒാടിക്കൊണ്ടിരുന്ന ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ കൊള്ള നടത്തിയ സംഘം 20കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പ്രതികളിൽ രണ്ടു പേരെ സംഭവ സ്ഥലത്തുവെച്ചും രണ്ടു പേരെ പിന്നീടും പൊലീസ് പിടികൂടിയിരുന്നു. ഒരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി മുംബൈ റെയിൽവേ പൊലീസ് കമീഷണർ കൗസർ ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഒാടിക്കൊണ്ടിരുന്ന ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ കൊള്ള നടത്തിയ എട്ടംഗ സംഘം 20കാരിയെ കൂട്ട ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്രയിലെ ഇഗത്പുരിക്കും കസാറക്കുമിടയിലെ വനത്തിലൂടെ ട്രെയിൻ കടന്നുപോകുേമ്പാഴായിരുന്നു സംഭവം.
ഒൗറംഗാബാദിലെ ഇഗത്പുരയിൽ നിന്ന് കയറിയ എട്ടംഗ സായുധസംഘം ട്രെയിൻ വനത്തിലെത്തിയതോടെ 96,390 രൂപയുടെ മൊബൈൽ അടക്കമുള്ള വസ്തുക്കൾ യാത്രക്കാരിൽ നിന്ന് മോഷ്ടിച്ചു. തടയാൻ ശ്രമിച്ച ആറു പേർക്ക് പരിക്കേറ്റു. പിന്നീട് 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും റെയിൽവേ പൊലീസ് പറഞ്ഞു.
ട്രെയിൻ കസാറയിലെത്തിയതോടെ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് സഹായത്തിനെത്തുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

