ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന; ഡൽഹിയിൽ മൂന്നുപേരെ എൻ.ഐ.എ പിടികൂടി
text_fieldsന്യൂഡൽഹി: ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ട ക്രിമിനൽ സംഘത്തിന്റെ മൂന്നു നേതാക്കളെ പിടികൂടിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചു. തലസ്ഥാനത്തും ചില പ്രധാന നഗരങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്താനുള്ള ഗൂഢാലോചനക്കിടെയാണ് ഇവർ പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹി സ്വദേശി നീരജ് ശെറാവത് എന്ന നീരജ് ബവാന, ഹരിയാന ഗുരുഗ്രാം സ്വദേശി കൗശൽ എന്ന നരേശ് ചൗധരി, പഞ്ചാബ് സാഹിബ്സാദാ അജിത് സിങ് നഗർ സ്വദേശി ഭൂപീന്ദർ സിങ് എന്ന ഭൂപി റാണ എന്നിവരാണ് പിടിയിലായത്.കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിലൂടെ ആളുകളെ ഭയപ്പെടുത്തി ഭീകരപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തിയിരുന്ന സംഘത്തിന്റെ തലവന്മാരാണ് ഇവർ. മയക്കുമരുന്നും ആയുധങ്ങളും കടത്തിയും ഇവർ ഭീകരപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തിയിരുന്നെന്നും എൻ.ഐ.എ വക്താവ് പറഞ്ഞു.

