മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുസ്ലിം പള്ളിക്ക് കാവി പെയിന്റ് പൂശി; പരാതി നൽകിയതോടെ തിരുത്തി
text_fieldsവാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിക്ക് അധികൃതർ കാവി നിറം പൂശിയതായി പള്ളിക്കമ്മിറ്റി അംഗം. ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം സന്ദർശിക്കുന്നതിന് മുന്നോടിയായാണ് അധികൃതർ പള്ളിയുടെ നിറം മാറ്റിയതെന്ന് അൻജുമൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി അംഗം മുഹമ്മദ് ഇജാസ് ഇസ്ലാഹി പി.ടി.ഐ വാർത്ത ഏജൻസിയോട് പറഞ്ഞു.
പള്ളിഎ ഭാരവാഹികൾ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ, പള്ളിക്ക് വെള്ള നിറം പൂശി നൽകിയതായും ഇസ്ലാഹി പറഞ്ഞു.
എന്നാൽ, ഇതേപ്പറ്റി അധികൃതർ പ്രതികരിച്ചിട്ടില്ല. ബുലനല പ്രദേശത്തുള്ള പള്ളിക്ക് വെള്ള നിറമായിരുന്നു. പള്ളിക്കമ്മിറ്റിയുമായി ആലോചിക്കാതെയാണ് ഇതിൽ കാവിനിറം പൂശിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇസ്ലാഹി ആരോപിച്ചു.
പ്രദേശത്തെ എല്ലാ കെട്ടിടങ്ങൾക്കും ഇളം പിങ്ക് നിറം നൽകുമെന്ന് നേരത്തെ വാരാണസി വികസന അതോറിറ്റി സെക്രട്ടറി സുനിൽ വർമയും കാശി വിശ്വനാഥക്ഷേത്രം സി.ഇ.ഒയും അറിയിച്ചിരുന്നു.

