Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭരണകൂട ഭീകരതയും പൊലീസ് നരനായാട്ടും'; സി.ജെ.പി നേതാക്കളുടെ തടങ്കലിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി

text_fields
bookmark_border
TMC supremo Mamata Banerjee speaking against state crackdowns on youth protests and democratic rights.
cancel
camera_alt

മമത ബാനർജി


കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും ഇത് 'ഭരണകൂട സ്പോൺസേർഡ് ഭീകരത'യാണെന്നും ആരോപിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ജനാധിപത്യം സംരക്ഷിക്കാൻ സമരം ചെയ്യുന്ന യുവാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും, ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ ഇരു നേതാക്കളെയും അടിയന്തരമായി വിട്ടയക്കണമെന്നും മമത കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും തിങ്കളാഴ്ച രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെതിരെ 'എക്സി'ൽ പങ്കുവെച്ച കുറിപ്പിലാണ് മമത രൂക്ഷവിമർശനം ഉന്നയിച്ചത്.

'ജനാധിപത്യത്തെ ആക്രമിക്കുന്ന അപകടകരമായ വൈറസ്': മമത ബാനർജി

യുവനേതാക്കളുടെ തടങ്കൽ നീട്ടിക്കൊണ്ടുപോകാൻ ഭരണകൂടം ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു:

"സൗരവ് ദാസിന്റെയും അശുതോഷിന്റെയും കസ്റ്റഡി നീട്ടിക്കൊണ്ടുപോകാനുള്ള ഭരണകൂടത്തിന്റെ വ്യഗ്രത എനിക്ക് മനസ്സിലാകും. ജനാധിപത്യത്തിന് നേരെ ദിവസേന ആക്രമണം നടത്താൻ ഉപയോഗിക്കുന്ന അപകടകരമായ വൈറസാണിത്. 'ജെൻ സി' തലമുറയിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.

ഞാൻ വ്യക്തമായി പറയുന്നു: ഇത് ഭരണകൂട ഭീകരതയാണ്; പോലീസ് സ്പോൺസേർഡ് നരനായാട്ടാണ്. ഇത് അധികകാലം തുടരാനാവില്ല. കൊൽക്കത്ത മുതൽ ഡൽഹി വരെയും മുംബൈ വരെയും രാജ്യമൊട്ടാകെ ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ സമാനതകളില്ലാത്ത തലത്തിലെത്തിയിരിക്കുന്നു."

— മമത ബാനർജി കുറ്റപ്പെടുത്തി.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, കൊളോണിയൽ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ടതുപോലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ ജനങ്ങൾ ഭരണാധികാരികൾക്ക് മേൽ വിജയം നേടുമെന്നും അവർ വ്യക്തമാക്കി. സർക്കാരിലിരിക്കുന്ന അഹങ്കാരികളും അന്ധരുമായ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഇത്തരം പ്രക്ഷോഭങ്ങൾക്ക് സാധിക്കുമെന്നും, ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഇരുവരെയും ഉടൻ വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജാമ്യം വൈകിപ്പിക്കാൻ നീക്കമെന്ന് ആക്ഷേപം; കേസ് വീണ്ടും ബുധനാഴ്ച

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരായ സമരങ്ങൾക്കിടെ, പ്രതിഷേധ മേഖലയെന്ന പദവി നീക്കം ചെയ്ത ജന്തർ മന്തറിലെ ഗേറ്റ് ചാടിക്കടന്നുവെന്ന് ആരോപിച്ചാണ് ഒക്ടോബർ 13-ന് സൗരവ് ദാസിനെയും അശുതോഷിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ പതാകയേന്തി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്ന് അഞ്ച് ദിവസത്തെ കസ്റ്റഡി പൂർത്തിയായതോടെയാണ് തിങ്കളാഴ്ച രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയത്.

തങ്ങളുടെ നേതാക്കൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ വ്യക്തമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ജാമ്യക്കാരെ ബോധപൂർവം തള്ളുകയാണെന്ന് സി.ജെ.പി ആരോപിച്ചു. അതിനിടെ, ജാമ്യാപേക്ഷ പരിഗണിച്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അജ്ഞാതരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നോൺ-കോഗ്നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇരുവരെയും ബുധനാഴ്ച വീണ്ടും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'State-Sponsored Terrorism': Mamata Demands Immediate Release of CJP Leaders
Next Story