പൂനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍
text_fieldsമുംബൈ: പുണെയിലെ വിശ്രാന്ത്വാടിയിൽ താമസിക്കുന്ന മലയാളി വീട്ടമ്മയെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിശ്രാന്ത്വാടി അമ്പാനഗരി 10ാം നമ്പർ കെട്ടിടത്തിലെ 10ാം നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി രാധ മാധവൻ നായരെയാണ് (65) ശനിയാഴ്ച രാത്രി 10 മണിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മാധവൻ നായർ മരിച്ചശേഷം ഇവർ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഫോൺ കാൾ എടുക്കാത്തതിനെ തുടർന്ന് പുെണയിൽ കഴിയുന്ന മകൾ അന്വേഷിച്ച് ചെല്ലുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹായികളെ വിളിച്ച് ഫ്ലാറ്റ് തുറന്ന് അകത്തുകടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹമാണ് കണ്ടത്. കഴുത്തിലെ മാലയും കൈകളിലെ വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വീകരണ മുറയിൽ രണ്ട് ഗ്ലാസ് ചായയും ബിസ്കറ്റും കണ്ടെത്തി.
പരിചയമുള്ള രണ്ടുപേർ രാത്രി എട്ടിനും 9.30നും ഇടയിൽ ഫ്ലാറ്റിൽ എത്തിയതായി ഇത് വ്യക്തമാക്കുന്നു. ഇവരാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിെൻറ സംശയം. മൃതദേഹം തിങ്കളാഴ്ച വിശ്രാന്ത്വാടിയിൽ സംസ്കരിക്കും. മക്കൾ: മനോജ് (കൊച്ചി സ്മാട്ട് സിറ്റി), മഞ്ജു (പുണെ).
കുടുംബത്തിന് സഹായവുമായി എൻ.എസ്.എസ് ഉൾപ്പെടെ മലയാളി സംഘടനകൾ രംഗത്തുണ്ടെന്ന് വിശ്രാന്ത്വാടി മലയാളി സമാജം പ്രസിഡൻറ് ഹംസ പറഞ്ഞു.
