Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു റിഫൈനറി സ്ഫോടനത്തിൽ ഒരു മരണം; ഒമ്പത് പേർക്ക് പരിക്ക്

text_fields
bookmark_border
മംഗളൂരു റിഫൈനറി സ്ഫോടനത്തിൽ ഒരു മരണം; ഒമ്പത് പേർക്ക് പരിക്ക്
cancel
camera_alt

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡി സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്നു

മംഗളൂരു: മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ) പരിസരത്തെ കോക്കർ ഹൈഡ്രോട്രീറ്റർ യൂനിറ്റിൽ (സിഎച്ച്ടി യൂനിറ്റ്) ബുധനാഴ്ചയുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൽക്കി സ്വദേശി മനീഷ് കർകേരയാണ് (30) മരിച്ചതെന്ന് പൊലീസ് കമീഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

പരിക്കേറ്റ ഒമ്പത് പേരിൽ രാജേഷ് ബാപ്റ്റിസ്റ്റിന് 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അദ്ദേഹത്തെ ശ്രീനിവാസ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായും ഐസിയുവിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ബാക്കിയുള്ള എട്ട് പേർക്ക് നിസ്സാര പരിക്കുകളേയുള്ളൂ. ഇവരെ ചികിത്സക്കും പരിശോധനക്കുമായി ഒപിയിലേക്ക് കൊണ്ടുപോയതായി കമീഷണർ പറഞ്ഞു.

സ്ഫോടനം ജോക്കാട്ടെയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരിൽ പരിഭ്രാന്തി പരത്തി. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് ജോക്കാട്ടെയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ ഞെട്ടി വിറച്ചു. സ്ഫോടനത്തിന്റെ ആഘാതം ജോക്കട്ടെ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലും സമീപത്തെ വീടുകളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വാതിലുകൾക്കും ജനലുകൾക്കും കേട് പറ്റിയതായും ചിലത് ഇളകിപ്പോയതായും പ്രദേശവാസികൾ പറഞ്ഞു. ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുന്നതും ദൃശ്യമായിരുന്നു.

സംഭവത്തെത്തുടർന്ന് പാണ്ഡേശ്വര്‍, കദ്രി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകളും ന്യൂ മാംഗ്ലൂര്‍ പോര്‍ട്ട് അതോറിറ്റിയുടെ (എന്‍എംപിഎ) ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി. അങ്കാരഗുണ്ടി, ബൈക്കംപടി വ്യവസായ മേഖല, കുളായി എന്നിവിടങ്ങളിൽ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ഉപദേശപ്രകാരം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തും പരിസരത്തുമുള്ള എല്ലാ സുപ്രധാന ഇൻസ്റ്റാളേഷനുകളുടെയും ദൃശ്യപരിശോധന നടത്തുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രിസിഷൻ അപ്രോച്ച് ലൈറ്റിങ് കാറ്റഗറി ഒന്ന് സിസ്റ്റങ്ങൾ, പെരിഫറൽ റോഡുകൾ എന്നിവ പ്രവർത്തന സന്നദ്ധതക്കായി പരിശോധിക്കും.

സിറ്റി പൊലീസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ, ജില്ല പഞ്ചായത്ത് സിഇഒ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എംആർപിഎൽ കേന്ദ്രത്തിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സംഭവത്തെക്കുറിച്ച് തനിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എംആർപിഎൽ ഉദ്യോഗസ്ഥർ, പൊലീസ് കമ്മീഷണർ, ബാജ്‌പെ ടൗൺ പഞ്ചായത്ത്, ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ദക്ഷിണ കന്നട എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പറഞ്ഞു.

സ്ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണത്തിലാക്കാനും സ്ഥലത്ത് സുരക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയായി ഏത് അടിയന്തര സാഹചര്യവും നേരിടാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും പ്രാദേശിക ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങൾ ശാന്തരായിരിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, ഭരണകൂടത്തോട് പൂർണ സഹകരണം നൽകണമെന്നും എംപി അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Major explosion at Mangalore Refinery, no casualties
Next Story