Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിജെപി നേതാക്കളെ വിട്ടയക്കാൻ ഭീഷണിയെന്ന് മജിസ്ട്രേറ്റ്; കേസെടുത്ത് പൊലീസ്

text_fields
bookmark_border
സിജെപി നേതാക്കളെ വിട്ടയക്കാൻ ഭീഷണിയെന്ന് മജിസ്ട്രേറ്റ്; കേസെടുത്ത് പൊലീസ്
cancel

ന്യൂഡൽഹി: കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ ആശുതോഷ് രങ്കയെയും സൗരവ് ദാസിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭീഷണി ലഭിച്ചെന്ന് കേസ് പരിഗണിക്കുന്ന പ്രത്യേക എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്. സംഭവത്തിൽ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ക്രിമിനൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നടപടി.

ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ച് സമാധാനലംഘനത്തിന് ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഇരുവരും തുടർച്ചയായ അഞ്ചാം ദിവസവും ഞായറാഴ്ച കസ്റ്റഡിയിൽ തുടർന്നു. അതേസമയം, ഇരുവരെയും വിട്ടയക്കുന്നതിനുള്ള നടപടികൾ പൊലീസ് മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് സി.ജെ.പി വക്താവ് രത്ന സിങ് ആരോപിച്ചു.

മജിസ്ട്രേറ്റിന് ലഭിച്ചെന്ന് പറയുന്ന ഭീഷണിയും നേതാക്കളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികളും തമ്മിൽ ബന്ധമില്ലെന്നാണ് സി.ജെ.പി നിലപാട്. ഭീഷണി സന്ദേശം അയച്ചതാരാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആശുതോഷ് രങ്കയുടെയും സൗരവ് ദാസിന്റെയും മോചനവുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിച്ചെന്നാരോപിച്ച് സി.ജെ.പി നിയമസംഘം രംഗത്തെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ജാമ്യവുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നത് വൈകിയെന്നാണ് നിയമസംഘത്തിന്റെ തലവൻ രത്ന സിങ് ആരോപിച്ചത്.

ഞായറാഴ്ച രാവിലെ മുതൽ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നെന്നും ഉച്ചക്ക് 12ന് നടപടികൾ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്നും അവർ പറഞ്ഞു. രേഖകളുടെ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടും പ്രത്യേക എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് വൈകിയാണ് എത്തിയതെന്നും ഉച്ചക്ക് ഒന്നരയോടെ സ്റ്റേഷനിലുണ്ടായിരുന്ന അദ്ദേഹം വൈകീട്ട് അഞ്ചോടെയാണ് കോടതിമുറിയിലെത്തിയതെന്നും രത്ന സിങ് ആരോപിച്ചു.

മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനു പകരം ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നടപടികൾ വഴിമാറിയെന്നും അവർ കുറ്റപ്പെടുത്തി. മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്ന വിഷയം ഉയർത്തിക്കാട്ടി ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നത് ഒഴിവാക്കിയെന്നാണ് സി.ജെ.പി നിയമസംഘത്തിന്റെ ആരോപണം. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മോചനം വൈകിപ്പിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് പൊലീസ് നിലപാട്.

അനുമതിയില്ലാത്ത പ്രതിഷേധസ്ഥലമായി പ്രഖ്യാപിച്ച ജന്തർ മന്തറിൽ പ്രവേശിച്ചെന്നാരോപിച്ചാണ് ആശുതോഷ് രങ്കയെയും സൗരവ് ദാസിനെയും കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി ബുധനാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഇരുവരെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടും മോചനനടപടികൾ വൈകുകയാണെന്നാണ് സി.ജെ.പി ആരോപിക്കുന്നത്. ഇരുവരെയും വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നതിനിടെയാണ് മജിസ്ട്രേറ്റിന് ഭീഷണി ലഭിച്ചെന്ന വിവരം പുറത്തുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Magistrate Threatened Over CJP Leaders’ Release
Next Story