ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ലാവ്ലിൻ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്.
പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സി.ബി.ഐ ആവശ്യപ്പെടുന്നത്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നീ കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്. ഇവർ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു.
പിണറായി വിജയൻ അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു. കുറ്റപത്രത്തിൽ നിന്ന് പിണറായി ഉൾപ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.
കശ്മീർ ഹരജികൾ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ എന്‍.വി രമണ ഉൾപ്പെട്ടതിനാൽ അവ പരിഗണിച്ച ശേഷമായിരിക്കും രമണയുടെ മൂന്നംഗ ബെഞ്ച് ലാവ്ലിൻ ഹരജികള്‍ പരിഗണിക്കുക.
