ആമസോണിൽ ഓർഡർ ചെയ്തത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; ലഭിച്ചത് ഭഗവത് ഗീത
text_fieldsകൊൽക്കത്ത: ആമസോണിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത് ഗീത. കൊൽക്കത്ത സ്വദേശിയായ സുതീർഥ ദാസിനാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീത ലഭിച്ചത്.
ബുധനാഴ്ചയാണ് സുതീർഥ ദാസ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തത്. ഓർഡർ പുറപ്പെട്ടതായ സന്ദേശവും അടുത്ത ദിവസം ലഭിച്ചു.
പുസ്തകം മാറി അയച്ചതായും ഓർഡർ റദ്ദാക്കാനും നിർദേശിച്ച് ശനിയാഴ്ച ദാസിന് ഫോൺ കോൾ വന്നു. എന്നാൽ ഇത് റദ്ദാക്കാൻ സാധിച്ചില്ല.
പിന്നീട് പാഴ്സൽ എത്തി തുറന്നുനോക്കിയ ശേഷമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചതെന്ന് മനസിലായത്. ഇക്കാര്യം ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ മാറി ലഭിക്കുന്ന സംഭവങ്ങൾ ഏറെയുണ്ടെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീത ലഭിച്ചത് കൗതുകത്തിനിടയാക്കുകയാണ്.
