Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ ഗ്രാ​മം

text_fields
bookmark_border
ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ ഗ്രാ​മം
cancel

രാജ്യത്തെ ആദ്യ സമ്പൂർണ സൗരോർജ ഗ്രാമമെന്ന നേട്ടം സ്വന്തമാക്കി ഛത്തീസ്ഗഢിലെ ഖൈറ. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയുടെ ഭാഗമായി ഗ്രാമത്തിലെ മുഴുവൻ വീടുകളിലും സോളാർ പാനലുകൾ സ്ഥാപിച്ചാണ് ചരിത്രനേട്ടം കൈവരിച്ചത്. ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഖൈറയിലെ 141 വീടുകളിലും സൗരോർജ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായതായി അധികൃതർ അറിയിച്ചു.

889 പേർ താമസിക്കുന്ന ഗ്രാമത്തിലെ ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള സോളാർ സംവിധാനമാണ് ഒരുക്കിയത്. ഇതോടെ ഗ്രാമത്തിന്റെ ആകെ സൗരോർജ ഉൽപാദനശേഷി 282 കിലോവാട്ടായി ഉയർന്നു. പ്രത്യേകതയെന്തെന്നാൽ, ഇതിനായി ഗ്രാമവാസികൾ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിക്കേണ്ടിവന്നിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സബ്സിഡിക്ക് പുറമെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

വൈദ്യുതി ബിൽ സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുന്ന സാഹചര്യത്തിൽ ഖൈറയിലെ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. വീടുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ ഉപയോഗശേഷം മിച്ചമുള്ളത് നെറ്റ് മീറ്ററിങ് സംവിധാനത്തിലൂടെ വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും കഴിയും. ഇതിലൂടെ വൈദ്യുതി ഉപഭോക്താക്കൾ എന്ന നിലയിൽനിന്ന് ഊർജ ഉൽപാദകരെന്ന നിലയിലേക്ക് ഗ്രാമവാസികൾ മാറിയതായി രാജ്നന്ദ്ഗാവ് ജില്ലാ കലക്ടർ ജിതേന്ദ്ര യാദവ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. സൗരോർജ സംവിധാനം സ്ഥാപിച്ച 141 വീടുകളിൽ 93 എണ്ണവും പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയുടെ ഗുണഭോക്താക്കളുടേതാണ്. ഗ്രാമത്തിലെ 21 പട്ടികവർഗ കുടുംബങ്ങൾക്കും നാല് പട്ടികജാതി കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.

വൈദ്യുതി ബില്ലിൽനിന്നുള്ള മോചനം കുറഞ്ഞ വരുമാനത്തിൽ കഴിയുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. പെൻഷൻ വരുമാനംകൊണ്ട് ഒറ്റയ്ക്ക് കഴിയുന്ന വിധവയായ ഷോഹ്ഗിൽ ഗോണ്ട്, ഇനി വൈദ്യുതി ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രതികരിച്ചു. കുറഞ്ഞ വരുമാനത്തിൽ കുടുംബം പുലർത്തുന്ന കാർത്തിക് യാദവും സൗരോർജ സംവിധാനം സാമ്പത്തികഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പദ്ധതിയുടെ വിജയത്തിൽ ഗ്രാമത്തിലെ വനിതാ കൂട്ടായ്മകൾ നിർണായക പങ്കുവഹിച്ചു. 'പി.എം. സൂര്യ സഖി' എന്നറിയപ്പെടുന്ന വനിതാ പ്രവർത്തകരാണ് വീടുകളിലെത്തി പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തിയത്. സംഗീത സാഹുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കൊപ്പം പത്മശ്രീ ജേതാവ് ഫൂൽബാസൻ ബായ് യാദവിന്റെ സ്വയംസഹായ സംഘങ്ങളും ഗ്രാമപഞ്ചായത്ത് സർപഞ്ച് ഭൂപേന്ദ്ര യാദവും സജീവമായി രംഗത്തുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khaira Becomes India’s First Solar Village
Next Story