ആനമലയാർ, നല്ലാർ അണക്കെട്ട് പദ്ധതികൾ: തമിഴ്നാട്ടിൽ കർഷക സമരം ശക്തമാകുന്നു
text_fieldsപറമ്പിക്കുളം ജലം തിരുമൂർത്തി അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന കോണ്ടൂർ കനാൽ
കോയമ്പത്തൂർ: ആനമലയാർ, നല്ലാർ അണക്കെട്ട് പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുന്നു. ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ സ്ഥാനാർഥി വിജയിച്ചാൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ കർഷകർ വീണ്ടും സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. വിവിധ താലൂക്കുകളിൽ സമരങ്ങൾ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
പദ്ധതികളുടെ വിശദാംശം
നല്ലാർ പദ്ധതി: അപ്പർ നീരാറിലെ ജലം 14.4 കിലോമീറ്റർ തുരങ്കം വഴി നല്ലാറിലെത്തിച്ച്, അവിടെനിന്ന് നാല് കിലോമീറ്റർ കനാൽ നിർമിച്ച് കോണ്ടൂർ കനാലുമായി ബന്ധിപ്പിക്കുന്ന പദ്ധതി.
ആനമലയാർ പദ്ധതി: ആനമലയാറിലെയും ഇറ്റലിയാറിലെയും 2.5 ടി.എം.സി വെള്ളം വഴിതിരിച്ചുവിടുന്ന പദ്ധതി. ഇറ്റലിയാറിന് കുറുകെ അണക്കെട്ട് നിർമിച്ച്, അഞ്ച് കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം ഷോളയാർ, പറമ്പിക്കുളം വഴി ആളിയാർ, തിരുമൂർത്തി അണക്കെട്ടുകളിലേക്ക് എത്തിക്കുന്നു.
പ്രധാന ആവശ്യങ്ങളും ആശങ്കകളും
ഈ പദ്ധതികൾക്കായി കേരളത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ, മാറിമാറിവരുന്ന തമിഴ്നാട് സർക്കാരുകൾ ഇത് പരിഗണിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പദ്ധതികൾ നടപ്പിലാക്കിയാൽ 4.50 ലക്ഷം ഏക്കർ സ്ഥലത്തിന് വർഷം മുഴുവൻ ജലസേചനവും 250 മെഗാവാട്ട് അധിക വൈദ്യുതിയും ലഭിക്കുമെന്നാണ് പൊള്ളാച്ചിയിലെ കർഷക കൂട്ടായ്മകളുടെ വാദം.
എന്നാൽ, നിലവിലെ പറമ്പിക്കുളം-ആളിയാർ (പി.എ.പി) കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.സി ജലം പോലും ഉറപ്പാക്കാൻ തമിഴ്നാടിന് കഴിയുന്നില്ലെന്ന് കേരളത്തിലെ കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതികളുമായി തമിഴ്നാട് മുന്നോട്ടുപോവുകയാണെങ്കിൽ, സമയബന്ധിതമായി പി.എ.പി കരാർ പുതുക്കണമെന്നും കർഷക സംഘടനകളുമായി ചർച്ച നടത്തണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

