Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാകിസ്താൻ സിന്ദാബാദ്’ അല്ല, ‘മൂർദാബാദ്’ ആണ് ഉദ്ദേശിച്ചത്; നാവുപിഴയില്‍ രക്ഷപ്പെട്ട് ബിജെപി നേതാവ്, കേസ് റദ്ദാക്കി

text_fields
bookmark_border
https://www.madhyamam.com/tags/karnataka-highcourt
cancel

ബംഗളൂരു: കർണാടകയിലെ മണ്ഡ്യ ജില്ലയിൽ ബി.ജെ.പി പ്രതിഷേധത്തിനിടെ ‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ​തിരെ ക്രിമിനല്‍ കേസെടുത്ത നടപടി റദ്ദാക്കി കര്‍ണാടക ഹൈകോടതി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടിയില്‍ പ്രവര്‍ത്തകര്‍ ഇത്തരമൊരു മുദ്രാവാക്യം വിളിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

മുദ്രാവാക്യം വിളിക്കിടെ അബദ്ധം സംഭവിച്ചതാണെന്നും ‘പാകിസ്താന്‍ മൂര്‍ദാബാദ്’ എന്ന് വിളിക്കാനാണ് ഉദ്ദേശിച്ചതെന്നുമുള്ള ഹര്‍ജിക്കാരന്റെ വിശദീകരണം കോടതി അംഗീകരിച്ചു.

‘ആമുഖമെന്ന നിലയില്‍, ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച പ്രകടനത്തില്‍, പ്രക്ഷോഭകര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്’ -ജസ്റ്റിസ് വി. ശ്രീശാനന്ദ വ്യക്തമാക്കി.

‘മുര്‍ദാബാദ്’ പറയേണ്ടിടത്ത് നാവുപിഴച്ച് ‘സിന്ദാബാദ്’ എന്ന് വന്നുപോയതാണെന്ന ഹര്‍ജിക്കാരന്റെ വാദം ഈ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

മണ്ഡ്യ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എസ്. രവികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

2022 ഡിസംബറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിക്കിടെ പ്രതിഷേധക്കാര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചുവെന്ന കന്നംപാടി കുമാറിന്റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ സംഭവത്തിന്റെ വീഡിയോ കണ്ടശേഷം തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്ന്, പൊതുജനമധ്യത്തില്‍ ശത്രുത വളര്‍ത്തുക, കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുക തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മണ്ഡ്യ വെസ്റ്റ് പൊലീസ് രവികുമാറിനെതിരെ കേസെടുക്കുകയായിരുന്നു.

രവികുമാറിനായി ഹാജരായ അഭിഭാഷകന്‍ വിനോദ് കുമാര്‍, ഈ മുദ്രാവാക്യം വിളിക്കല്‍ യാദൃശ്ചികമാണെന്നും കലാപമുണ്ടാക്കാനോ ഏതെങ്കിലും സമൂഹത്തെ ലക്ഷ്യമിടാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും വാദിച്ചു.

മറുവശത്ത്, പരാതിക്കാരന്‍ സമര്‍പ്പിച്ച വീഡിയോയില്‍ മുദ്രാവാക്യം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു. അന്വേഷണം തുടരണമെന്നും രവികുമാര്‍ വിചാരണ നേരിടണമെന്നും സര്‍ക്കാര്‍ വാദിച്ചു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധമെന്നും, മനഃപൂർവം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം മുഴക്കിയതെന്നും സര്‍ക്കാര്‍ ആരോപിച്ചു.

അതേസമയം, യൂട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കി സംഭവം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രകടനത്തില്‍ പങ്കെടുത്തത് ആരാണെന്ന് കണ്ടെത്താനോ, ഈ മുദ്രാവാക്യം മൂലം ഏതെങ്കിലും സമുദായത്തിനോ പൊതുജനങ്ങൾക്കോ ഇടയില്‍ എന്തെങ്കിലും തരത്തിലുള്ള അശാന്തി ഉണ്ടായതായി തെളിയിക്കാനോ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. അതിനാല്‍, ഈ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗത്തിന് തുല്യമാണ്.

ഐ.പി.സി സെക്ഷന്‍ 505 പ്രകാരം ഒരാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് വ്യക്തമാക്കുന്ന കര്‍ണാടക ഹൈകോടതി വിധിയും കോടതി എടുത്തുപറഞ്ഞു. മജിസ്‌ട്രേറ്റ് കേസ് ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് അത്തരത്തിലുള്ള യാതൊരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് കോടതി കണ്ടെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story