ഇ20 പെട്രോളിൽ 31.2 ശതമാനം എഥനോൾ; കേന്ദ്രത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർണാടക സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ വിൽക്കുന്ന ഇ20 പെട്രോളിൽ 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എഥനോൾ മിശ്രിതം എണ്ണ കമ്പനികൾ ചേർക്കുന്നതായി സംസ്ഥാന സർക്കാർ. വിവിധ എണ്ണ കമ്പനികളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ പരിശോധിച്ചപ്പോൾ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് വാർത്തസമ്മേളനത്തിലണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകളാണ് സർക്കാർ പരിശോധിച്ചത്. കോലാർ, ചിക്കബെല്ലാപുർ, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്നാണ് പെട്രോൾ സാമ്പിളുകൾ ശേഖരിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL), നയാര എനർജി, ഷെൽ (Shell), മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL) എന്നീ കമ്പനികളുടെ പെട്രോൾ സാമ്പിളുകളിൽ പലതിലും എഥനോളിന്റെ അളവ് 20 ശതമാനത്തിൽ കൂടുതലാണ്.
ഐ.ഒ.സിഎല്ലിന്റെ ഒരു പെട്രോൾ സാമ്പിളിൽ 31.2 ശതമാനം എഥനോൾ കണ്ടെത്തി. എച്ച്.പി.സി.എല്ലിന്റെ പവർ പെട്രോൾ സാമ്പിളിൽ 30.5 ശതമാനവും. 27 ശതമാനം, 26.5, 26.1, 25.5, 24.2, 22.6, 22.4, 20.8, 20.6 എന്നിങ്ങനെയാണ് മറ്റു സാമ്പിളുകളിൽ എഥനോളിന്റെ അളവ്. വാഹനങ്ങൾക്ക് മൈലേജ് കുറയുന്നതായും ഇടക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതായും ചൂണ്ടിക്കാടി വാഹന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആദ്യം ഐ.ഒ.സി.എൽ, ബി.പി.സി.എൽ എന്നീ കമ്പനികളുടെ സ്വന്തം ലബോറട്ടറികളിലേക്കാണ് സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. എന്നാൽ, എഥനോളിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.
‘ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന എഥനോളിന്റെ അളവ് സംബന്ധിച്ച് എണ്ണ കമ്പനികൾക്ക് ചോദ്യാവലി നൽകിയിരുന്നു. എന്നാൽ, ഒരു കമ്പനിയും ഈ ചോദ്യത്തിന് മറുപടി നൽകിയില്ല. ഇത് ഞങ്ങളിൽ സംശയമുണ്ടാക്കി. അതിനാലാണ് സാമ്പിളുകൾ എൻ.എ.ബി.എൽ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളിലേക്ക് സാമ്പിളുകൾ അയക്കാൻ തീരുമാനിച്ചത്’ -മന്ത്രി പറഞ്ഞു.
പരിശോധിച്ച ഭൂരിഭാഗം സാമ്പിളുകളിലും 20 ശതമാനത്തിലധികം എഥനോൾ മിശ്രിതം കണ്ടെത്തി. ഇത്തരത്തിൽ പരിശോധന നടത്തി ഫലങ്ങൾ പരസ്യമായി പുറത്തുവിടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടകയെന്നും മന്ത്രി അവകാശപ്പെട്ടു. കൂടുതൽ എഥനോൾ മിശ്രിതമുള്ള ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാമെന്നും മന്ത്രി പറയുന്നു. ഇന്ത്യയിലെ 35 കോടി വാഹനങ്ങളിൽ ഏകദേശം 99 ശതമാനവും 20 ശതമാനത്തിൽ കൂടുതലുള്ള എഥനോൾ മിശ്രിതം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ചവയല്ലെന്നാണ് മന്ത്രിയുടെ വാദം. 2023 ഏപ്രിലിന് ശേഷം നിർമിച്ച വാഹനങ്ങൾക്കുപോലും E20 ഇന്ധനം ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ പമ്പുകളിലെ ഇന്ധനം വിതരണം ചെയ്യുന്ന സംവിധാനങ്ങളുടെ ശേഷി സംബന്ധിച്ചും സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ഇന്ധന വിതരണ യന്ത്രങ്ങൾ പരമാവധി 15 ശതമാനം വരെ എഥനോൾ മിശ്രിതമുള്ള ഇന്ധനം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഇന്ധനം മൂലമുണ്ടാകുന്ന കേടുപാടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഇൻഷുറൻസ് പോളിസികളിൽനിന്ന് നീക്കം ചെയ്തതിനെയും മന്ത്രി ചോദ്യം ചെയ്തു. ഇതോടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
മൈലേജ് കുറയുന്നതും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും കാരണം ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.01 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകാമെന്നാണ് കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നത്. മൈലേജിൽ 10 ശതമാനം കുറവുണ്ടായാൽ പ്രതിവർഷം 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 39,000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്നും കണക്കാക്കിയാണ് സർക്കാർ ഈ തുകയിലെത്തിയത്.
2021ലെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം, E20 ഇന്ധനത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനങ്ങളിൽ മൈലേജ് 1-2 ശതമാനം വരെ കുറയാം. പഴയ കാറുകളിൽ ഇത് 6-7 ശതമാനം വരെയും പഴയ ഇരുചക്ര വാഹനങ്ങളിൽ 3-4 ശതമാനം വരെയും കുറയാൻ സാധ്യതയുണ്ട്. സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് കർണാടക സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതുമൂലം വാഹന ഉടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനായി കേന്ദ്ര സർക്കാർ പ്രത്യേക നഷ്ടപരിഹാര നിധി രൂപവത്കരിക്കണമെന്നും മന്ത്രി റിസ്വാൻ അർഷാദ് ആവശ്യപ്പെട്ടു.

