Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബു സലിമിന് പരോൾ കിട്ടിയില്ല, അധോലോക നായകന്റെ ‘കാമുകി’ മറ്റൊരാളെ വിവാഹം കഴിച്ചു

text_fields
bookmark_border
Abu Salem
cancel

മുംബൈ: വിവാഹം കഴിക്കാൻ പരോൾ അനുവദിക്കണമെന്ന അധോലോക നായകൻ അബു സലിമിന്റെ അപേക്ഷ അധികൃതർ നിരസിച്ചതോടെ ‘കാമുകി’ മറ്റൊരാളുടെ ജീവിത സഖിയായി. മുംബ്ര സ്വദേശിനിയായ യുവതിയാണ് ജനുവരി അഞ്ചിന് മറ്റൊരാളെ വിവാഹം ചെയ്തത്.

25 വർഷം തടവുശിക്ഷ അനുഭവിക്കുന്ന അബു​ സലിം നിലവിൽ പനവേലിലെ തലോജ ജയിലിലാണുള്ളത്. അബു സലിമും ഈ യുവതിയുമൊന്നിച്ചുള്ള ചിത്രങ്ങൾ 2016ൽ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിരുന്നു. കോടതിയിൽ കേസിനായി പോകവേ, ട്രെയിനിൽ അബു സലിമുമൊന്നിച്ചുള്ള ഇവരുടെ ചിത്രങ്ങളാണ് പ്രചരിച്ചത്.

ഇവരെ വിവാഹം കഴിക്കുന്നതിനായി 2018ൽ അബു സലിം പരോളിന് അപേക്ഷ നൽകി. സ്​പെഷൽ മാരേജ് ആക്ട് ​​പ്രകാരം വിവാഹിതനാകുന്നതിനായി 45 ദിവസത്തെ പരോളിനാണ് അബു സലിം അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ 12 വർഷമായി അഴിക്കുള്ളിലാണെന്നും അതിനിടെ ഒരു തവണ പോലും പരോളിന് അപേക്ഷിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിനായി പരോൾ അനുവദിക്കണമെന്ന് അപേക്ഷിച്ചത്. എന്നിട്ടും പരോൾ അനുവദിക്കപ്പെട്ടില്ല. ഇതോടെ മനംമാറിയാണ് ‘കാമുകി’ മറ്റൊരു വിവാഹത്തിന് തയാറായതെന്നാണ് റി​പ്പോർട്ട്.

ഈ യുവതിയെ ട്രെയിനിൽ യാത്ര ചെയ്യവേ അബു സലിം നിക്കാഹ് ചെയ്തിരുന്നതായും ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, യുവതിയുടെ കുടുംബം അക്കാര്യം നിഷേധിച്ച് രംഗത്തെത്തി. യുവതിയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചിരുന്ന അവരുടെ മുത്തച്ഛനാണ് അബു സലിമിന്റെ നിയമപരമായ കാര്യങ്ങൾ നോക്കിയിരുന്നതെന്നും യുവതിക്ക് അബു സലിമുമായി ബന്ധമില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ വാദം.

അബു സലിമിന്റെ ആദ്യവിവാഹം സുമൈറ ജു​മായ് എന്ന സ്ത്രീയുമായിട്ടായിരുന്നു. ഇവരുമായി പിരിഞ്ഞശേഷം ബോളിവുഡ് നടി മോണിക്ക ബേദിയുമായായിരുന്നു അടുപ്പം. ഇരുവരും പേർചുഗലിൽ ഒന്നിച്ച് താമസിച്ചിരുന്നു. അബു സലിമിനെ പോർചുഗൽ ഇന്ത്യക്ക് കൈമാറിയതോടെ അയാളുമായുള്ള ബന്ധം മോണിക്ക ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jailed Underworld Don Abu Salem's 'Girlfriend' Marries Another Man
Next Story