
തട്ടിപ്പിന്റെ മഹാലോകം- റെംഡെസിവിർ ആശുപത്രികളിൽ കിട്ടില്ല; 10 ഇരട്ടി വിലക്ക് കരിഞ്ചന്തയിൽ കിട്ടും
text_fieldsന്യൂഡൽഹി: സർക്കാറിന്റെ വലിയ വാദങ്ങളെ നോക്കുകുത്തിയാക്കി കോവിഡ് ബാധിതർക്ക് നൽകുന്ന റെംഡെസിവിർ ആശുപത്രികളിൽ എത്താതെ കരിഞ്ചന്തയിൽ അനേക ഇരട്ടി വിലക്ക് സുലഭമാകുന്നു. ഉൽപാദനം കൂട്ടി രാജ്യത്തുടനീളം ആവശ്യത്തിന് എത്തിക്കുമെന്ന് പലവട്ടം സർക്കാർ ആണയിട്ടിട്ടുണ്ടെങ്കിലും മരുന്ന് കരിഞ്ചന്തയിൽ മാത്രം കിട്ടുന്നതായി മാറിയത് ആശങ്ക വർധിപ്പിക്കുകയാണ്. അതും യഥാർഥ വിലയുടെ 10 ഇരട്ടിക്കും അതിലും കൂടിയ നിരക്കിൽ.
കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ 30,000-40,000 രൂപ വരെയാണ് ഒരു ഡോസിന് കരിഞ്ചന്തയിൽ ഇൗടാക്കുന്നത്. പലപ്പോഴും ഗുരുതരാവസ്ഥയിലായ രോഗികൾക്ക് റെംഡെസിവിർ നൽകണമെന്ന് സ്വകാര്യ ഡോക്ടർമാർ നിർദേശിക്കുന്നതിനാൽ ആശുപത്രിയിൽ ഇല്ലെങ്കിലും ചില ഇടപാടുകാർ വഴി സംഘടിപ്പിക്കാൻ നിർബന്ധിതരാകും. ഒരു രോഗിക്ക് ശരാശരി ആറു ഡോസ് വരെ വേണം. ഒരു ഡോസിന് 30,000 വേണ്ടിവരുേമ്പാൾ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും. ഇവിടെയാണ് തട്ടിപ്പിന്റെ അധോലോകം സജീവമാകുന്നത്.
ഇങ്ങനെ തരപ്പെടുത്തി വാങ്ങാൻ ചെല്ലുേമ്പാൾ അതിലേറെ ഉയർന്ന തുക നൽകി മറ്റൊരാൾ വാങ്ങിക്കൊണ്ടുപോയ അനുഭവവും രോഗികളുടെ ബന്ധുക്കൾ പറയുന്നു. വിതരണക്കാർ മുതൽ ഡോക്ടർമാരും സ്വകാര്യ ആശുപത്രികളും വരെ പടർന്നുകിടക്കുന്ന വിതരണ ശ്രംഖലയാണ് കരിഞ്ചന്തയിലെന്നാണ് റിപ്പോട്ട്. വിവിധ കമ്പനികൾ വ്യത്യസ്ത പേരുകളിൽ റെംഡെസിവിർ ഉൽപാദിപ്പിക്കുന്നുണ്ട്. കാഡില ഹെൽത്ത് കെയറിന്റെ റെംഡാകിന് ഒരു ഡോസ് 899 രൂപയാണ് വില. അത് ജൂബിലന്റ് ജെനറിക്സ് ആകുേമ്പാൾ 3,400ഉം ഹെറ്ററോ ഹെൽത്ത്കെയറിന്റെത് 3,490ഉം ആകും.
കോവിഡ് പൂർണമായി ഭേദമാക്കാൻ റെംഡെസിവിറിനാകുമെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നല്ല, അത് കോവിഡ് മരുന്നല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ, ഇന്ത്യയുൾപെടെ 50 ഓളം രാജ്യങ്ങൾ കോവിഡ് ചികിത്സക്ക് ഇത് ഉപയോഗിക്കാമെന്ന് പറയുന്നു. ഇതിന്റെ ഭാഗമായാണ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്.
എന്നാൽ, തലസ്ഥാന നഗരത്തിൽ മിക്ക ആശുപത്രികളിലും ഇത് ലഭ്യമല്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. ഡോക്ടർമാരും ചില ഇടനിലക്കാരും വഴി ഫോണിൽ ബന്ധപ്പെട്ട് തുക എത്തിച്ചുനൽകി വേണം ഇവ സംഘടിപ്പിക്കാൻ. എന്നാൽപോലും ലഭിക്കുമെന്ന് ഉറപ്പിക്കാനുമാകില്ല. ഇടപാട് ഉറപ്പിച്ച് പണവുമായി എത്തുേമ്പാഴേക്ക് അതിലേറെ നൽകി വാങ്ങി പോയിട്ടുണ്ടാകും.
സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർക്ക് ഈ കണ്ണികളുമായി ബന്ധമുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏഴു കമ്പനികളാണ് രാജ്യത്ത് ഇവ നിർമിക്കുന്നത്. മരുന്ന് ആദ്യമായി കൈപറ്റുന്ന വിതരണക്കാർ ഒരു ഗഡു അംഗീകൃത ഫാർമസികൾക്ക് നൽകുേമ്പാൾ ബാക്കിയുള്ളവ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വഴി വിതരണം നടത്തുന്നു. ഇവിടങ്ങളിലേക്ക് ഡോക്ടർമാർ നിർദേശിക്കുന്നതോടെ വിതരണ ശ്രംഖല പൂർത്തിയാകും. പണം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.
റെംഡെസിവിർ ഇഞ്ചെക്ഷൻ ആശുപത്രികൾ വഴി മാത്രമേ വിൽപന പാടുള്ളൂ. എന്നാൽ, അവിടെ മാത്രം ലഭിക്കാനില്ലെന്നതാണ് പുതിയ വസ്തുത. ഇവിടങ്ങളിലെത്തുന്ന മരുന്നുകൾ രഹസ്യ ഇടപാടുകാർ വഴി കടത്തി അനേക ഇരട്ടി വിലക്ക് വിൽപനയാണ് നടക്കുന്നത്.
കോവിഡ് രോഗികൾക്ക് അത്യാവശ്യമായി വരുന്ന ഓക്സിജൻ സിലിണ്ടറും ഇതേ പ്രതിസന്ധി നിലനിൽക്കുകയാണ്. 10 ലിറ്റർ സിലിണ്ടറിന് 28,000 രൂപ വരെയാണ് നിരക്ക് ഇൗടാക്കുന്നത്. അഞ്ചു ലിറ്ററിന് 21,000 രൂപ ചോദിച്ച അനുഭവം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയുടെ അടുത്ത സുഹൃത്ത് പറയുന്നു.
