ഷോപ്പിങ് മാളിലെ ഗോവണിയിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ചു
text_fieldsസിംഗപ്പൂർ: സിംഗപ്പൂരിൽ ഷോപ്പിങ് മാളിലെ ഗോവണിയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. 34കാരനായ തേവന്ദ്രൻ ഷൺമുഖമാണ് മരിച്ചത്. ഷൺമുഖത്തിന്റെ മൃതദേഹം വെള്ളിയാഴ്ച മണ്ടായി ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ മാസം ഓർകാഡ് റോഡിലെ കോൺകോർഡ് ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. ഷൺമുഖത്തെ മറ്റൊരാൾ ഷോപ്പിങ് മാളിലെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ ഷൺമുഖം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ 27കാരനായ മുഹമ്മദ് അസ്ഫരി അബ്ദുൽ കാഹക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും തമ്മിൽ മുൻ പരിചയമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്വമേധയാ ഗുരുതര പരിക്കേൽപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവ് ലഭിക്കാൻ സാധ്യത.

