പ്രിയങ്ക ഗാന്ധിക്കെതിരായ സെക്സിസ്റ്റ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിക്കെതിരായ സെക്സിസ്റ്റ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി മുൻ എം.പിയും കൽക്കാജി നിയമസഭ സ്ഥാനാർഥിയുമായ രമേശ് ബിധുരി. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും തന്‍റെ വാക്കുകൾ പിൻവലിക്കുന്നതായും രമേശ് ബിധുരി എ.എൻ.ഐയോട് വ്യക്തമാക്കി.
'ഇത്തരം പ്രസ്താവനകൾ മുമ്പും ഉണ്ടായിട്ടുണ്ട്. ലാലു പ്രസാദ് യാദവ് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ഞാൻ അത് പറഞ്ഞത്. അദ്ദേഹം (ലാലു പ്രസാദ് യാദവ്) അവരുടെ സർക്കാരിൽ മന്ത്രിയായിരുന്നപ്പോഴും അതേക്കുറിച്ച് കോൺഗ്രസ് മൗനം പാലിച്ചു. എന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും എന്‍റെ വാക്കുകൾ പിൻവലിക്കുകയും ചെയ്യുന്നു.' -രമേശ് ബിധുരി ചൂണ്ടിക്കാട്ടി.
ഡൽഹി തെരഞ്ഞെടുപ്പിൽ കൽക്കാജിയിൽ നിന്ന് മത്സരിക്കുന്ന ബിധുരി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. താൻ വിജയിച്ചാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിധുരി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്ത്രീ വിരുദ്ധപാർട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് ലജ്ജാകരവുമാണെന്നുമായിരുന്നു കോൺഗ്രസിന്റെ മറുപടി. ഇതാണ് ബി.ജെ.പിയുടെ യഥാർഥ മുഖം. ബിധുരിയുടെ വാക്കുകൾ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വിമർശിച്ചു.
ബിധുരിക്കെതിരെ എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങും രംഗത്തുവന്നു. ''ഇത് ബി.ജെ.പിയുടെ സ്ഥാനാർഥി, അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ... ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളിൽ ഡൽഹിയിലെ സ്ത്രീകളുടെ സുരക്ഷ എങ്ങനെയായിരിക്കും.''-സഞ്ജയ് സിങ് എക്സിൽ കുറിച്ചു.
തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ ബിധുരി പ്രതികരിച്ചത്. മുമ്പൊരിക്കൽ ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ കാര്യവും ബിധുരി ചൂണ്ടിക്കാട്ടി. പ്രിയങ്കയേക്കാൾ ഒരുപടി മുന്നിലാണ് അവരെന്നും ബിധുരി അവകാശപ്പെട്ടു.
കൽക്കാജി നിയമസഭ സീറ്റിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തിൽ അൽക ലാംപയാണ് കോൺഗ്രസിന്‍റെ സ്ഥാനാർഥി.

