ടി.എം.സി വിട്ട് മാസങ്ങൾക്ക് ശേഷം യൂസഫ് പത്താന് വിവാദ ഭൂമി നൽകി ഗുജറാത്ത് സർക്കാർ; 14 വർഷത്തെ തർക്കത്തിന് ഒടുവിൽ തീരുമാനം
text_fieldsഗാന്ധിനഗർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ യൂസഫ് പത്താന് വഡോദരയിലെ വിവാദ ഭൂമി അനുവദിക്കാൻ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അനുമതി നൽകി. വഡോദര താണ്ഡൽജയിൽ പത്താന്റെ വീടിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ സർക്കാർ ഭൂമിയാണ് അനുവദിക്കുന്നത്. നഗരസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചാൽ ഭൂമി പത്താന് കൈമാറും.
മമത ബാനർജിക്കെതിരെ കലാപം നടത്തി ടി.എം.സിയിൽ നിന്ന് പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (NCPI) പോയതിന് മാസങ്ങൾക്ക് ശേഷമാണ് ഇത് എന്നത് ശ്രദ്ധേയമാണ്. പത്താനും മറ്റ് 19 എംപിമാരും നേരത്തെ ടി.എം.സി വിട്ടിരുന്നു.
20.53 കോടി രൂപയാണ് ഭൂമിയുടെ കണക്കാക്കിയ മൂല്യം. ചതുരശ്ര മീറ്ററിന് 2.10 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ലേലത്തിനുള്ള കുറഞ്ഞ അടിസ്ഥാനവില നിശ്ചയിച്ച ശേഷമായിരിക്കും ഭൂമി അനുവദിക്കുന്നതിനുള്ള തുടർനടപടികൾ. ഭൂമിക്കായി പത്താൻ നൽകേണ്ട തുക ഇതുവരെ അന്തിമമാക്കിയിട്ടില്ല.
2012ലാണ് ബംഗ്ലാവിനോട് ചേർന്നുള്ള ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്താൻ വഡോദര മുനിസിപ്പൽ കോർപറേഷനെ സമീപിച്ചത്. പൊതുലേലം കൂടാതെ 99 വർഷത്തെ പാട്ടത്തിന് ഭൂമി അനുവദിക്കാനുള്ള നടപടികൾ അന്ന് ആരംഭിച്ചിരുന്നുവെങ്കിലും ഗുജറാത്ത് സർക്കാർ നിർദേശം നിരസിച്ചു.
തുടർന്ന് ഭൂമിയിലെ അനധികൃത കൈയേറ്റം നീക്കം ചെയ്യാൻ നഗരസഭ ഉത്തരവിട്ടതിനെ തുടർന്ന് പത്താൻ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഹരജി തള്ളി. തുടർന്ന് അദ്ദേഹം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. 2026 ന് നടന്ന വാദത്തിനിടെ, നിയമപരമായി ഭൂമി അനുവദിക്കുകയോ ആവശ്യമായ തുക അടക്കുകയോ ചെയ്തിട്ടില്ലെങ്കിൽ സർക്കാർ ഭൂമി എങ്ങനെയാണ് കൈവശപ്പെടുത്തിയതെന്ന് ഹൈകോടതി ചോദിച്ചിരുന്നു. നഗരസഭാ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നയം ചൂണ്ടിക്കാട്ടി പത്താന്റെ അഭിഭാഷകൻ കൂടുതൽ വാദങ്ങൾക്ക് സമയം തേടിയിരുന്നു. പിന്നീട് പത്താൻ ഹൈകോടതിയിലെ അപ്പീൽ പിൻവലിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭൂമി അനുവദിക്കുന്നതിന് ഗുജറാത്ത് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 14 വർഷമായി നീണ്ടുനിന്ന ഭൂമി തർക്കത്തിനാണ് ഇതോടെ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

