Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുസ്‍ലിംകൾ വേണ്ട’; ഗുജറാത്തിൽ നവരാത്രി ആഘോഷ വേദിയിൽ ഹിന്ദുത്വ വിലക്ക്

text_fields
bookmark_border
‘മുസ്‍ലിംകൾ വേണ്ട’; ഗുജറാത്തിൽ നവരാത്രി ആഘോഷ വേദിയിൽ ഹിന്ദുത്വ വിലക്ക്
cancel

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ പരിപാടികളിൽനിന്ന് മുസ്‍ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനകൾ. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകൾ വിവിധ വേദികളിൽ ഇടപെട്ടാണ് മുസ്‍ലിം ജീവനക്കാരെയും കലാകാരന്മാരെയും പുറത്താക്കുന്നത്. ഇതിന്റെ ഭാഗമായി മുസ്‍ലിം പ്രവേശനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ പൊലീസിനും സംഘാടകർക്കും നിവേദനങ്ങൾ നൽകുകയും ചെയ്തു.

ഒക്ടോബർ 14ന് അഹമ്മദാബാദിൽ ഗായകൻ ആദിത്യ ഗാധ്‌വി പങ്കെടുത്ത ഗർബ പരിപാടിക്കിടെ മറ്റു മതസ്ഥരും മുസ്‍ലിംകളും വേദിയിൽനിന്ന് സ്വമേധയാ പുറത്തുപോകണമെന്ന് അവതാരകൻ മൈക്കിലൂടെ ആവശ്യപ്പെട്ടു. സംശയാസ്പദമായി തോന്നുന്നവരെ അറിയിക്കാൻ ഹെൽപ്‌ലൈൻ നമ്പറും പ്രഖ്യാപിച്ചു. പ്രഖ്യാപനം തന്റെ അറിവോടെയോ സമ്മതത്തോടെയോ ആയിരുന്നില്ലെന്നും പിന്നണിയിലെത്തിയ ഒരു സംഘം തന്റെ വേദി ദുരുപയോഗം ചെയ്യുകയായിരുന്നുമാണ് ഗായകൻ ആദിത്യ ഗാധ്‌വി പ്രതികരിച്ചത്.

വഡോദരയിലെ യുനൈറ്റഡ് വേ ഓഫ് ബറോഡയുടെ ഗർബ വേദിയിലും സമാനമായ സംഭവം അരങ്ങേറിയതായി റിപ്പോർട്ടുണ്ട്. ഭാവ്‌നഗറിലെ ദണ്ഡിയ പരിപാടിയിൽ മുസ്‍ലിം സംഗീതജ്ഞരെ നിയോഗിച്ചതിനെച്ചൊല്ലിയും സംഘർഷമുണ്ടായി. ഒക്ടോബർ 13ന് വർത്തേജ് മേഖലയിലെ രംഗോളി പാർട്ടി പ്ലോട്ടിൽ പ്രതിഷേധിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളുടെ 40ലധികം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഗർബയുടെ പാരമ്പര്യം മതവ്യത്യാസങ്ങൾ മറികടന്ന് ജനങ്ങളെ ഒന്നിപ്പിക്കുന്നതാണെന്ന് യുനെസ്കോയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നത്. 2023ൽ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയ ഗർബ, വിവിധ മതവിഭാഗങ്ങളെയും സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആഘോഷങ്ങൾക്കിടെ ക്രമസമാധാനം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഉപദ്രവമോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gujarat Garba Events Target Muslims
Next Story