Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ മന്ത്രിയുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു; പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

text_fields
bookmark_border
Prashant Bhushan
cancel
camera_alt

പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെതെന്ന പേരിൽ പ്രചരിച്ച വ്യാജ വിഡിയോ എക്‌സിൽ പങ്കുവെച്ചെന്ന ആരോപണത്തിൽ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് കേസെടുത്തത്. നവംബർ 3ന് നടത്തിയ സൈബർ പട്രോളിങ്ങിനിടെയാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. @thequotesnews എന്ന ഹാൻഡിൽ, പ്രശാന്ത് ഭൂഷണിന്റെ @pbhushan1 എന്ന എക്‌സ് ഹാൻഡിലിൽ നിന്ന് ഇന്ത്യാ വിരുദ്ധമെന്ന് തോന്നിക്കുന്ന, മോർഫ് ചെയ്ത വിഡിയോ പങ്കുവെച്ചിട്ടുണ്ടെന്ന് ആരോപിച്ച പോസ്റ്റ് പൊലീസ് കണ്ടെത്തിയതോടെയാണ് നടപടി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെയും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലിനെയും വിമർശിച്ച് ലാവ്‌റോവ് സംസാരിക്കുന്നതായിട്ടാണ് വിഡിയോയിൽ കാണിച്ചിരുന്നത്. ഇന്ത്യയും റഷ്യയും വെറും വ്യാപാര പങ്കാളികൾ മാത്രമാണെന്നും, ആ വ്യാപാര ബന്ധം ഇന്ത്യക്ക് റഷ്യയുടെ വിദേശനയത്തിൽ ഇടപെടാൻ അവകാശം നൽകുന്നില്ലെന്നും ലാവ്‌റോവ് പറയുന്നതായും വിഡിയോയിൽ ഉണ്ടായിരുന്നു. ഇന്ത്യ ഒരു സഖ്യകക്ഷിയോ, ഉപദേശം അനുസരിക്കേണ്ട മഹാശക്തിയോ അല്ല എന്നും വിഡിയോയിലുണ്ട്.

ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് ഭൂഷൺ എഴുതിയത് ഇന്ത്യക്ക് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ കനത്ത തിരിച്ചടി എന്നായിരുന്നു. ജയ്ശങ്കർ റഷ്യക്ക് എന്ത് ഉപദേശമാണ് നൽകിയിരുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ ഈ വിഡിയോ പൂർണ്ണമായും വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റ് ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിലെ റഷ്യൻ എംബസിയും വിഡിയോയെ തള്ളിക്കളഞ്ഞു. ലാവ്‌റോവിന്റെ പേരിൽ പറയുന്ന പരാമർശങ്ങൾ കെട്ടിച്ചമച്ചതാണെന്നും, ഓഡിയോയും സബ്‌ടൈറ്റിലും അടക്കം വ്യാജമാണെന്നും എംബസി സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ പേരിലും സമാനമായ മറ്റൊരു വ്യാജ വിഡിയോ പ്രചരിച്ചിരുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

സ്പെഷ്യൽ സെൽ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ നമ്പർ 263/26 ആയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 336(4) - വ്യാജരേഖ ചമയ്ക്കൽ, 353(1)(c) - പൊതുജനങ്ങളിൽ കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ, 356 - മാനനഷ്ടം, 340(2) - വ്യാജരേഖ യഥാർത്ഥമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം, വിവര സാങ്കേതിക നിയമത്തിലെ 66C - ഐഡന്റിറ്റി തെഫ്റ്റ് വകുപ്പും ചുമത്തിയിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവും പ്രകോപനപരവുമായ ഉള്ളടക്കം വിഡിയോ വഴി പ്രചരിപ്പിച്ച് അഭ്യൂഹങ്ങൾ പരത്താനും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനും ശ്രമിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. വിവാദമായതോടെ ഭൂഷൺ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIR Filed Against Prashant Bhushan
Next Story