'മകള്‍ തെറ്റു ചെയ്തിട്ടില്ല, നീതി നടപ്പായെ'ന്ന് ദിശ രവിയുടെ പിതാവ്
text_fieldsബംഗളൂരു: മകള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതി നടപ്പായെന്നും യുവ കാലാവസ്ഥ ആക്ടിവിസ്റ്റ് ദിശ രവിയുടെ പിതാവ് രവി അന്നപ്പ പറഞ്ഞു. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള ടൂള്‍കിറ്റ് കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ദിശ രവിക്ക് കോടതി ജാമ്യം അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും ആരോപിക്കപ്പെട്ട സംഘടനകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങളും പ്രശ്നങ്ങളും ചോദിക്കുന്നുവെന്നെയുള്ളുവെന്നും താൻ ഒരു ഇന്ത്യക്കാരനാണെന്നും നമ്മൾ രാജ്യത്തിെൻറ നിയമത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദിശയുടെ അമ്മ മഞ്ജുളയും പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഡല്‍ഹി പാട്യാല കോടതി ദിശക്ക് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 13നാണ് ബംഗളൂരുവില്‍നിന്ന് ഡല്‍ഹി പൊലീസ് ദിശയെ അറസ്റ്റ് ചെയ്തത്. ദിശയുടെ അറസ്റ്റിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും ദിശയുടെ ബംഗളൂരുവിലെ സുഹൃത്തുക്കളും പ്രതിഷേധിച്ചിരുന്നു.

