Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ മുഖ്യമന്ത്രിയായ ശേഷമാണ് ഇതെല്ലാം തുടങ്ങിയത്'; ഡി.കെ. ശിവകുമാറിന്റെ സ്റ്റിങ് ഓപ്പറേഷൻ മുന്നറിയിപ്പിന് പിന്നാലെ കർണാടകയിൽ വിവാദം

text_fields
bookmark_border
ഞാൻ മുഖ്യമന്ത്രിയായ ശേഷമാണ് ഇതെല്ലാം തുടങ്ങിയത്; ഡി.കെ. ശിവകുമാറിന്റെ സ്റ്റിങ് ഓപ്പറേഷൻ മുന്നറിയിപ്പിന് പിന്നാലെ കർണാടകയിൽ വിവാദം
cancel

ന്യൂഡൽഹി: മന്ത്രിസഭാ അംഗങ്ങളെ ലക്ഷ്യമാക്കി സ്റ്റിങ് ഓപ്പറേഷൻ നടക്കാൻ സാധ്യതയുണ്ടെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പിന് പിന്നാലെ കർണാടകത്തിൽ രാഷ്ട്രീയ പോര്. ഒക്ടോബർ എട്ടിന് മന്ത്രിസഭാ യോഗത്തിനിടയിലാണ് സ്റ്റിങ് ഓപ്പറേഷനുകളിലൂടെ തങ്ങളെ "കുടുക്കാൻ" ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശിവകുമാർ മന്ത്രിമാരോട് പറഞ്ഞത്. താൻ ഉപമുഖ്യമന്ത്രിയായത് മുതൽ താനും ഇത്തരം സ്റ്റിങ് ഓപ്പറേഷനുകളുടെ ലക്ഷ്യമാണെന്നും ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവർ എന്നിൽ നിന്നാണ് തുടങ്ങാൻ ശ്രമിക്കുന്നത്. എന്റെ കൈയിൽ എല്ലാ തെളിവുകളുമുണ്ട്. ഞാൻ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നത്. അതുകൊണ്ട് ഞാൻ ശ്രദ്ധയില്ലാതെ സംസാരിക്കാറില്ല. ഞാൻ മുഖ്യമന്ത്രിയായ ശേഷമാണ് ഇതെല്ലാം തുടങ്ങിയത്," ശിവകുമാർ പറഞ്ഞു.

തന്നെ മാത്രമല്ല മറ്റുള്ളവർക്കെതിരെയും ഇത്തരം ശ്രമം നടക്കുന്നുണ്ടെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ആരാണ് ധനസഹായം നൽകുന്നതെന്നും തുടങ്ങിയവയെല്ലാം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം കോൺഗ്രസ് എം.എൽ.എ. രവികുമാർ ഗാനിഗ, കേന്ദ്രമന്ത്രിയും കർണാടക ബി.ജെ.പി. നേതാവും സ്റ്റിങ് ഓപ്പറേഷന് ധനസഹായം നൽകുന്നുണ്ടെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് രംഗത്തെത്തി. പെൻഡ്രൈവ് പ്രദർശിപ്പിച്ച അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ രേഖകൾ പുറത്തുവിടുമെന്നും അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ഈ അവകാശവാദം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ശിവകുമാറിനെതിരെ തിരിയുകയും ഇതിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്രമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും ഇതിനെതിരെ രംഗത്തെത്തി. കേസെടുക്കാൻ വൈകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ചില മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരു വ്യക്തിയുമായി മുഖ്യമന്ത്രി ബെംഗളൂരുവിൽ ദീർഘനേരം ചർച്ച നടത്തിയെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. "ഇതിനുള്ള മറുപടി കാലം നൽകും" എന്നായിരുന്നു ഇതിന് ഡി.കെ.യുടെ മറുപടി. എന്നാൽ ആ സമയം എപ്പോഴാണ് വരിക എന്നായിരുന്നു ഇതിനുള്ള കുമാരസ്വാമിയുടെ മറുപടി.

മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. "അവർ സ്റ്റിങ് ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്ന് എനിക്കറിയാം, എന്നാൽ ഇത് ചെയ്യുന്നത് ആരാണെന്ന സത്യം പുറത്തുവരേണ്ടതല്ലേ?" അദ്ദേഹം ചോദിച്ചു. ഇതും കുമാരസ്വാമി ഏറ്റുപിടിച്ചു. സർക്കാർ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ നടപടിയെടുക്കാത്തതെന്നും അന്വേഷണത്തിന് ഉത്തരവിടുന്നതിൽ നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സ്റ്റിങ് ഓപ്പറേഷൻ ആരോപണങ്ങളെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി തള്ളിക്കളഞ്ഞു. സ്റ്റിങ് ഓപ്പറേഷൻ നടന്നു എന്ന് ശിവകുമാർ പറഞ്ഞിട്ടില്ലെന്നും അത് ഭാവിയിൽ സംഭവിക്കാമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കർണാടക രാഷ്ട്രീയം ഒരിക്കലും ഇത്രയും താഴ്ന്ന നിലയിലേക്ക് വഷളായിട്ടില്ലെന്ന് തിങ്കളാഴ്ച കർണാടക ബി.ജെ.പി. അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dk shivakumars sting operation claim triggers political uproar in karnataka
Next Story