അമിത് ഷായുടെ വെല്ലുവിളി പൊളിച്ച് ഡെറക് ഒബ്രിയാൻ; എസ്.ഐ.ആർ ചർച്ച ബി.ജെ.പി തടഞ്ഞ രാജ്യസഭാ വീഡിയോ പുറത്ത്
text_fieldsഡെറക് ഒബ്രിയാൻ
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറുണ്ടോ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരസ്യ വെല്ലുവിളിക്ക് മുൻ രാജ്യസഭാ ദൃശ്യങ്ങൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയാന്റെ ശക്തമായ തിരിച്ചടി. പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടപ്പോൾ ഭരണപക്ഷം അത് തടസ്സപ്പെടുത്തിയതിന്റെ തെളിവുകൾ നിരത്തിയാണ് ഒബ്രിയാൻ അമിത് ഷായുടെ വാദങ്ങളിലെ കാപട്യം തുറന്നുകാട്ടിയത്.
എസ്.ഐ.ആർ വിഷയത്തിൽ ചർച്ചയ്ക്കായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തയ്യാറാണെന്നും, ചർച്ചയിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും ചൊവ്വാഴ്ച റായ്പൂരിൽ നടന്ന പൊതുപരിപാടിയിൽ അമിത് ഷാ പ്രസ്താവിച്ചിരുന്നു. കോൺഗ്രസ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിന് പകരം തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നുമായിരുന്നു ഷായുടെ വിമർശനം.
"മോദി-ഷാ കൂട്ടുകെട്ടിനായി ഒരു പ്രത്യേക വീഡിയോ": രാജ്യസഭാ ദൃശ്യങ്ങൾ പുറത്ത്
അമിത് ഷായുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ലൂടെ 2025 ഡിസംബർ ഒന്നിന് രാജ്യസഭയിൽ നടന്ന സംഭവങ്ങളുടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായ ഡെറക് ഒബ്രിയാൻ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളും എസ്.ഐ.ആറും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി അംഗങ്ങൾ രാജ്യസഭയിൽ നോട്ടീസ് നൽകുന്നതും, ഭരണകക്ഷിയായ ബി.ജെ.പി ആ ആവശ്യം പൂർണമായി തള്ളിക്കളയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
'മോദി-ഷാ കൂട്ടുകെട്ടിനും അവരുടെ കൂട്ടാളികൾക്കുമായി ഒരു പ്രത്യേക വീഡിയോ. അവർ പരിഹസിക്കുന്ന അതേ പാർലമെന്റിൽ നിന്നുള്ള ഒരു ഓർമപ്പെടുത്തൽ. 2025 ഡിസംബർ 1. രാജ്യസഭ. ഒരു കഥ പറയുന്ന രണ്ട് മിനിറ്റുകൾ. അന്ന് ഇൻഡ്യ മുന്നണി കക്ഷികൾ എസ്.ഐ.ആറിനെക്കുറിച്ച് ചർച്ച വേണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി അത് തടഞ്ഞു. എന്നിട്ടാണ് ഇന്ന് ചർച്ച വേണമെന്ന വലിയ വർത്തമാനം! ഇത് കാണൂ,' ഡെറിക്ക് ഒബ്രിയാൻ കുറിച്ചു.
വോട്ടർപട്ടിക വിവാദം: തെരുവിൽ നിന്ന് സഭയിലേക്ക്
തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്കെതിരെ ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ നാളുകളായി കടുത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. നിലവിലെ വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിലൂടെ അർഹരായ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിൽ നിന്ന് കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ സുതാര്യത ഉയർത്തിക്കാട്ടിയും നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി വമ്പൻ റാലി സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രതിപക്ഷം വീണ്ടും ജനകീയ പ്രതിഷേധം ശക്തമാക്കിയ ഘട്ടത്തിലാണ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ വെല്ലുവിളിച്ച് അമിത് ഷാ രംഗത്തെത്തിയത്. എന്നാൽ, മുൻപ് തങ്ങൾ നൽകിയ നോട്ടീസുകൾ തള്ളിക്കളഞ്ഞ സർക്കാർ ഇപ്പോൾ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് തെളിയിച്ചുകൊണ്ട് പ്രതിപക്ഷം പ്രത്യാക്രമണം കടുപ്പിച്ചതോടെ ഡൽഹിയിൽ രാഷ്ട്രീയ പോര് മൂർച്ഛിക്കുകയാണ്.

