പേപ്പർ ബാഗിന് ഏഴ് രൂപ ഈടാക്കി; ലൈഫ്സ്റ്റൈൽ ഔട്ട്‍ലെറ്റ് 3000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ
text_fieldsന്യൂഡൽഹി: ഉപഭോക്താവിനെ അറിയിക്കാതെ പേപ്പർ ബാഗിന് ഏഴ് രൂപ ഈടാക്കിയ പരാതിയിൽ പ്രമുഖ ഫാഷൻ ഔട്ട്‍ലെറ്റായ ലൈഫ്സ്റ്റൈൽ 3000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കമീഷൻ. പേപ്പർ ബാഗിന് ഈടാക്കിയ ഏഴ് രൂപ തിരിച്ചുനൽകുന്നതോടൊപ്പം ഉപഭോക്താവ് നേരിട്ട മാനസികപ്രയാസം പരിഗണിച്ചാണ് 3000 രൂപ കൂടി നൽകേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
അൻമോൽ മൽഹോത്ര എന്നയാളാണ് പരാതിയുമായി കമീഷന് മുന്നിലെത്തിയത്. ലൈഫ്സ്റ്റൈലിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച പേപ്പർ ബാഗിന് തന്നെ അറിയിക്കാതെ ഏഴ് രൂപ ഈടാക്കിയെന്നായിരുന്നു പരാതി. 706 രൂപയുടെ സാധനങ്ങൾ വാങ്ങിയപ്പോഴാണ് ഈ തുക ഈടാക്കിയതെന്നും പരാതിക്കാരൻ പറഞ്ഞു.
ഉപഭോക്താവിനെ അറിയിക്കാതെ പേപ്പർ ബാഗിന് വിലയീടാക്കിയത് തെറ്റായ വ്യാപാരരീതിയാണെന്നും ഇതാണ് പ്രാഥമികമായ പ്രശ്നമെന്നും കമീഷൻ നിരീക്ഷിച്ചു. അധിക ചാർജ് ഈടാക്കുന്നതിന് മുമ്പ് ഉപഭോക്താവിനെ അറിയിക്കാനുള്ള ബാധ്യത സ്ഥാപനത്തിനുണ്ട്. ബാഗിന്‍റെ വിലയും പ്രത്യേകതകളും അറിയാനുള്ള അവകാശവും ഉപഭോക്താവിനുണ്ടെന്ന് നഷ്ടപരിഹാരം വിധിച്ചുകൊണ്ട് കമീഷൻ പറഞ്ഞു.

