‘ബിധുരിയെ സംരക്ഷിക്കാനും എന്നെ പ്രതിക്കൂട്ടിലാക്കാനും കരുതിക്കൂട്ടി ശ്രമം നടക്കുന്നു’ -എത്തിക്സ് കമ്മിറ്റിക്കെതിരെ ഡാനിഷ് അലി
text_fieldsരമേശ് ബിധുരി, ഡാനിഷ് അലി
ന്യൂഡൽഹി: ലോക്സഭയിൽ കേട്ടാലറക്കുന്ന തെറിവാക്കുകൾ വിളിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിയെ സംരക്ഷിക്കാനും തന്നെ പ്രതിക്കൂട്ടിലാക്കാനും കരുതിക്കൂട്ടി ശ്രമം നടക്കുന്നുവെന്ന് കുറ്റപ്പെടുത്തി ബി.എസ്.പി എം.പി ഡാനിഷ് അലി സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു.
ബിധുരിയെ താൻ പ്രകോപിപ്പിച്ചെന്ന ആരോപണം പ്രിവിലേജസ് കമ്മിറ്റി തന്റെ പരാതിക്കൊപ്പം ചേർത്തത് നടുക്കുന്നതാണെന്ന് ഡാനിഷ് അലി പറഞ്ഞു. ബിധുരിക്കെതിരെ കർക്കശ നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ്, തന്നെ കുറ്റക്കാരനാക്കുന്ന നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു ബിധുരി, ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഭീകരവാദി, തീവ്രവാദി (ആതങ്ക് വാദി, ഉഗ്രവാദി) എന്ന് ആവർത്തിച്ച് ഡാനിഷ് അലിയെ വിളിച്ചുകൊണ്ടിരുന്ന ബിധുരി ചേലാകർമം നടത്തിയവൻ (കട് വ), മുസ്‍ലിം തീവ്രവാദി (മുല്ല ആതങ്കവാദി), കൂട്ടിക്കൊടുപ്പുകാരൻ (ഭഡ്‍വ) എന്നൊക്കെ വിളിച്ചതിനൊടുവിൽ ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് മുൻ കേന്ദ്രമന്ത്രിമാരായ ഹർഷവർധന, രവിശങ്കർ പ്രസാദിദ് എന്നിവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.
രമേശ് ബിധുരിയുടെ വിദ്വേഷവാക്കുകൾ സഭാ നടപടികളിൽനിന്ന് നീക്കിയ ലോക്സഭ സ്പീക്കർ ഓം ബിർള നടപടി താക്കീതിലൊതുക്കി. എം.പിയെ അറസ്റ്റുചെയ്യണമെന്നും പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം മുറവിളികൂട്ടിയതിനു പിന്നാലെ ബിധുരിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ബിധുരിയെയും ഡാനിഷ് അലിയെയും ഈ മാസം ഏഴിന് വിളിച്ചിരിക്കുകയാണ് പ്രിവിലേജസ് കമ്മിറ്റി. നേരത്തേ ബിധുരിയെ വിളിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു തിരക്കുകളുടെ പേരിൽ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

