Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ വിലപേശൽ തന്ത്രവുമായി കോൺഗ്രസ്; സമാജ്‌വാദി പാർട്ടിയോട് 125 സീറ്റുകൾ ചോദിക്കാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കം

text_fields
bookmark_border
https://www.madhyamam.com/tags/up-election
cancel

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയിൽ (എസ്‌.പി) നിന്ന് വിലപേശലിലൂടെ 125 സീറ്റുകളെങ്കിലും നേടിയെടുക്കാൻ കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഉത്തർപ്രദേശ് കോൺഗ്രസ് നേതാക്കളുമായി ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി.

യോഗത്തിൽ ഏകദേശം 175 സീറ്റുകളെ കുറിച്ച് ചർച്ച നടന്നതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു. സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ പ്രത്യേക പട്ടിക തയാറാക്കിയിട്ടുണ്ട്. കാറ്റഗറി ‘എ’യിൽ ഏകദേശം 100 സീറ്റുകളും ‘ബി’ വിഭാഗത്തിൽ 40-50 സീറ്റുകളും ‘സി’യിൽ 25-35 സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ആഴ്ച പ്രിയങ്ക ഗാന്ധിയും യു.പി കോൺഗ്രസ് നേതാക്കളും തമ്മിൽ വീണ്ടും യോഗം ചേർന്ന ശേഷം 125 മുതൽ 150 വരെയുള്ള സീറ്റുകളുടെ അന്തിമ പട്ടിക സമാജ്‌വാദി പാർട്ടിക്ക് കൈമാറാനാണ് പാർട്ടിയുടെ നീക്കം. നവംബറോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. എസ്‌.പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള സീറ്റ് ചർച്ചകളിൽ പ്രിയങ്ക ഗാന്ധി നിർണായക പങ്കുവഹിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടുക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് സീറ്റുകൾ ചോദിക്കുന്നത്. ഓരോ ലോക്‌സഭാ മണ്ഡലത്തിന്റെയും പരിധിയിൽ വരുന്ന കുറഞ്ഞത് ഒരു നിയമസഭാ സീറ്റിലെങ്കിലും മത്സരിക്കാനാണ് കോൺഗ്രസ് നീക്കം.

സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരിച്ച 17 സീറ്റുകളിൽ ആറെണ്ണത്തിലും വിജയിച്ചു. കൂടാതെ 38 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്താനും, 42 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും കോൺഗ്രസിന് സാധിച്ചു. ഈ 80 സീറ്റുകളും പാർട്ടിയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമേഠി, റായ്ബറേലി, സഹാറൻപൂർ ഉൾപ്പെടെ സമാജ്‌വാദി പാർട്ടി വിജയിച്ച ഒരു ഡസനോളം സീറ്റുകൾ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ഗാന്ധി കുടുംബം ജയിച്ചുപോന്ന അമേഠിയും റായ്ബറേലിയും കോൺഗ്രസിന്റെ കോട്ടകളായാണ് അറിയപ്പെടുന്നത്. എന്നാൽ, ഈ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു.

അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഒന്നുപോലും 2022-ൽ കോൺഗ്രസിന് ജയിക്കാനായില്ല. മൂന്ന് സീറ്റുകൾ ബി.ജെ.പിയും, ഒരെണ്ണം എസ്‌.പിയും, മറ്റൊന്ന് ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനുമാണ് ജയിച്ചത്. റായ്ബറേലിയിലെ അഞ്ച് സീറ്റുകളിൽ നാലെണ്ണം എസ്‌.പിയും ഒരെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തു.

അതേസമയം, സഖ്യത്തിലൂടെ മുന്നോട്ടുപോകാൻ രണ്ട് പാർട്ടികളും താൽപര്യപ്പെടുന്നുണ്ടെങ്കിലും, എസ്‌.പി കോൺഗ്രസിന് 65-ൽ കൂടുതൽ സീറ്റുകൾ നൽകാൻ തയാറല്ലെന്നാണ് സൂചന. വിജയസാധ്യത മാത്രമാണ് സീറ്റ് വിഭജനത്തിന് മാനദണ്ഡമാകേണ്ടതെന്ന് അഖിലേഷ് യാദവ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തെ മൊത്തം 403 നിയമസഭാ സീറ്റുകളിൽ 350 ഇടത്തും ഒറ്റക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന അഖിലേഷ് യാദവ് ഇതിനോടകം പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തലത്തിലേക്ക് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story