Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാർമിനാറിന്റെ ചരിത്രത്തിൽ ക്ഷേത്രമില്ല; അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ചർച്ചയായി പഴയ ചിത്രങ്ങളും എ.എസ്.ഐ രേഖകളും

text_fields
bookmark_border
Comparison of historic archival photos showing the south-eastern minaret of Charminar before and after the construction of Bhagyalakshmi temple.
cancel

ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാർമിനാറിനോട് ചേർന്നുനിൽക്കുന്ന ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമില്ലെന്നും ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന് ശേഷം മാത്രം രൂപപ്പെട്ട ഒന്നാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെത്തുടർന്ന് പൈതൃക സംരക്ഷണവും ചരിത്രവസ്തുതകളും സോഷ്യൽ മീഡിയയിലും ദേശീയ തലത്തിലും വീണ്ടും രൂക്ഷമായ തർക്കവിഷയമായിരിക്കെയാണ് എ.എസ്.ഐയുടെ ഔദ്യോഗിക നിലപാട് ശ്രദ്ധേയമാകുന്നത്. 1904-ലെ 'ഏൻഷ്യന്റ് മോണ്യുമെന്റ്സ് പ്രിസർവേഷൻ ആക്ട്' പ്രകാരം കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ചാർമിനാറിന്റെ തെക്കുകിഴക്കൻ മിനാരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് ചരിത്രപരമായ യാതൊരു സാധുതയുമില്ലെന്ന് എ.എസ്.ഐ രേഖാമൂലം വ്യക്തമാക്കിയത്.

ഭാഗ്യലക്ഷ്മി ക്ഷേത്രവും എ.എസ്.ഐ രേഖകളും: വസ്തുതകൾ
  • ഉദ്ഭവം: ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന് ശേഷമാണ് ക്ഷേത്രം രൂപപ്പെട്ടതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI).
  • നിയമസാധുത: 1958-ലെ പുരാവസ്തു സംരക്ഷണ നിയമപ്രകാരം ഇതൊരു അനധികൃത നിർമ്മാണം മാത്രമാണ്.
  • ചരിത്രരേഖകൾ: 1968-ലും 1977-ലും നിർമ്മാണം പൊളിച്ചുനീക്കാൻ എ.എസ്.ഐ അധികൃതർക്ക് കത്തയച്ചിരുന്നു.
  • സ്മാരക പദവി: 1904 മുതൽ ചാർമിനാർ കേന്ദ്ര സംരക്ഷിത പൈതൃക സ്മാരകമാണ്.

ആർ.ടി.ഐ വെളിപ്പെടുത്തൽ: 'അനധികൃത നിർമാണം, ചില്ലയ്ക്കും രേഖകളില്ല'

ചാർമിനാറിനോട് ചേർന്ന് നിൽക്കുന്ന ക്ഷേത്രത്തെയും ചില്ലയെയും കുറിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് പുരാവസ്തു വകുപ്പ് നൽകിയ മറുപടി ഇങ്ങനെ. ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂണിയൻ ഏറ്റെടുത്തതിന് ശേഷം മാത്രമാണ് കേന്ദ്ര സംരക്ഷിത സ്മാരകത്തിന്റെ തെക്കുകിഴക്കൻ മിനാരത്തോട് ചേർന്ന് ഭാഗ്യലക്ഷ്മി ക്ഷേത്രം രൂപപ്പെട്ടത്. ക്ഷേത്രത്തിന് മാത്രമല്ല, സ്മാരകത്തിന് സമീപമുള്ള ചില്ലയെക്കുറിച്ചും എ.എസ്.ഐ ഓഫീസിൽ യാതൊരുവിധ ചരിത്ര രേഖകളും ലഭ്യമല്ല. നേരത്തെ 2012 ഡിസംബറിൽ സാമൂഹിക പ്രവർത്തകനായ എസ്.ക്യു. മസൂദ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലും, 1958-ലെ 'ആമാസർ' നിയമപ്രകാരം ചാർമിനാറിന്റെ മിനാരത്തോട് ചേർന്നുള്ള ക്ഷേത്ര നിർമാണം പൂർണമായും അനധികൃതമാണെന്ന് എ.എസ്.ഐ സ്ഥിരീകരിച്ചിരുന്നു.

1968 മുതലുള്ള പൊളിച്ചുമാറ്റൽ കത്തുകൾ: നടപടികൾ വൈകിയപ്പോൾ വളർന്ന തർക്കം

സംരക്ഷിത സ്മാരകത്തിന്റെ അതിരുകൾ ലംഘിച്ച് ഉയർന്ന ഈ നിർമിതി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ എ.എസ്.ഐ കത്തുകളയച്ചിരുന്നുവെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

  • 1968-ലെ കത്ത്: 1968 ഡിസംബറിൽ എ.എസ്.ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് എം. ഇദ്രീസുല്ല അന്നത്തെ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കമീഷണർക്ക് അയച്ച കത്തിൽ, 'ചാർമിനാറിന്റെ തെക്കുകിഴക്ക് ഭാഗത്ത് പൈതൃക സ്മാരകത്തിലേക്ക് അതിക്രമിച്ചുകയറി അനധികൃതമായി നിർമിച്ച ഇഷ്ടിക കെട്ടിടം' നീക്കം ചെയ്യാൻ അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു.
  • 1977-ലെ പൊലീസ് പരാതി: 1977 മേയിൽ സംരക്ഷിത സ്മാരകത്തിന്റെ വേലി കെട്ടിയ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ അവിടെനിന്ന് നീക്കണമെന്നും, ദേശീയ പ്രാധാന്യമുള്ള സ്മാരകത്തിന്റെ അറ്റകുറ്റപ്പണികൾ ഇത് തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി എ.എസ്.ഐ പോലീസ് ഐ.ജിക്ക് കത്തയച്ചിരുന്നു.

കൃത്യസമയത്ത് ഉദ്യോഗസ്ഥരോ സർക്കാരോ ഈ അനധികൃത നിർമാണത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്നതാണ് വിഷയം കാലക്രമേണ രാഷ്ട്രീയ-വർഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന നിലയിലേക്ക് വളർത്തിയതെന്ന് ആർ.ടി.ഐ രേഖകൾ പുറത്തുകൊണ്ടുവന്ന എസ്.ക്യു. മസൂദ് ചൂണ്ടിക്കാട്ടുന്നു.

പഴയ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ; രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ വിമർശനം

അമിത് ഷാ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ചാർമിനാറിന്റെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും നിലവിലെ ചിത്രങ്ങളും ചേർത്തുവെച്ചുകൊണ്ടുള്ള പോസ്റ്റുകൾ 'എക്സ്' ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ഭരണകാലത്തല്ല, മറിച്ച് സ്വതന്ത്ര ഇന്ത്യയിൽ ഉയർന്നുവന്ന വെറുമൊരു നടപ്പാത കൈയേറ്റത്തെയാണ് ഭൂരിപക്ഷാധിപത്യത്തിന്റെ രാഷ്ട്രീയ ആയുധമാക്കി ചരിത്രത്തെ വളച്ചൊടിക്കുന്നതെന്ന് ഗവേഷകരും രാഷ്ട്രീയ നിരീക്ഷകരും വിമർശിക്കുന്നു. ചാർമിനാറിന്റെ വാസ്തുവിദ്യാ സൗന്ദര്യത്തിന് കളങ്കം വരുത്തുന്ന ഇത്തരം നിർമിതികൾ സന്ദർശിക്കുന്നത് ഭക്തിയേക്കാളേറെ ധ്രുവീകരണ രാഷ്ട്രീയത്തിന് വേണ്ടിയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bhagyalakshmi Temple at Charminar Came Up After Independence: ASI RTI Document
Next Story