Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു; തുറന്നുപറഞ്ഞ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ ഓർമ്മക്കുറിപ്പ്

text_fields
bookmark_border
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സർക്കാരിനോട്  അമിത വിധേയത്വം കാണിച്ചു; തുറന്നുപറഞ്ഞ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ ഓർമ്മക്കുറിപ്പ്
cancel

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാജ്യത്തിന്റെ പരമോന്നത കോടതിയിലിരുന്ന് കേന്ദ്ര സര്‍ക്കാറിനോട് അമിത വിധേയത്വം കാണിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍.

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം യോഗം ചേരുന്നതിന് മുമ്പ് സര്‍ക്കാറിന്റെ അഭിപ്രായം തേടുകയായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ഈ മാസാവസാനം പുറത്തിറങ്ങുന്ന ‘വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍’ എന്ന തന്റെ പുസ്തകത്തിൽ ജസ്റ്റിസ് കൗള്‍ വെളിപ്പെടുത്തി.

കൊളീജിയത്തിൽ സർക്കാർ താൽപര്യങ്ങൾക്കനുസൃതമായി ചന്ദ്രചൂഡ് പ്രവർത്തിച്ചപ്പോൾ അതു തടയാൻ ശ്രമിച്ചതിന്റെ സ്വന്തം അനുഭവവും ജസ്റ്റിസ് കൗള്‍ പങ്കുവെച്ചു. ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം മുന്‍കൂട്ടി തീരുമാനിച്ച അഞ്ച് പേരുകളുമായി ചേർന്നപ്പോൾ ചന്ദ്രചൂഡ് ആറാമതൊരു പേര് കൂടി നിര്‍ദേശിച്ചു. ഇത് സര്‍ക്കാർ നിർദേശപ്രകാരമാണോയെന്ന് താന്‍ സംശയിച്ചപ്പോൾ യോഗത്തിനിടെ സര്‍ക്കാറുമായി ഫോണില്‍ സംസാരിക്കാൻ നീക്കം നടത്തിയ ചന്ദ്രചൂഡിനെ അതിൽനിന്നും തടഞ്ഞു. തുടര്‍ന്ന് ആദ്യ അഞ്ച് പേരുകള്‍ അംഗീകരിച്ച് യോഗം അവസാനിപ്പിക്കേണ്ടി വന്നു.

മറ്റൊരു കൊളീജിയം യോഗത്തിൽനിന്ന് ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവവും ജസ്റ്റിസ് കൗൾ വിവരിച്ചു. ന്യൂനപക്ഷ സമുദായത്തിൽപെട്ട ഒരു ജഡ്ജിയുടെ പേര് പരിഗണിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സര്‍ക്കാര്‍ ചോദ്യമുന്നയിച്ചു. താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്ന് കൗള്‍ പറഞ്ഞു. ഇങ്ങനെ ജഡ്ജിമാരെ നിയമിക്കുകയാണെങ്കിൽ തനിക്ക് പങ്കാളിയാകാൻ കഴിയില്ലെന്നും നിങ്ങൾ തന്നെ തീരുമാനിച്ചോളൂ എന്നും പറഞ്ഞ് താൻ ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീട് സര്‍ക്കാറിന് വഴങ്ങേണ്ടി വന്നു.

14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെ സുപ്രീംകോടതി ജഡ്ജിമാരിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് കൗൾ 2023 ഡിസംബറിലാണ് സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്. ജഡ്ജിമാരുടെ നിയമന പ്രക്രിയ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്ന് മുക്തമല്ലെന്നും അവസരം നൽകിയാൽ സർക്കാർ ഇടപെടുമെന്നും ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.

ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ ആശങ്ക -കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിന് കീഴിലെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്. മുൻ സുപ്രീംകോടതി ജഡ്‍ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്‌സിലെ പോസ്റ്റിൽ ചില ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ജഡ്‍ജിമാരുടെ നിയമനം മുതലുള്ള സുപ്രധാന കാര്യങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുസ്തകം.

ജഡ്‍ജിമാരുടെ നിയമന കാര്യത്തിൽ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് സർക്കാറിനോട് വ്യത്യസ്ത സമീപനം പുലർത്തിയിരുന്നു. നിയമന കാര്യങ്ങളിൽ സർക്കാർ സ്വാധീനിച്ചതായി ജസ്റ്റിസ് ചന്ദ്രചൂഡ് സമ്മതിച്ചത് ആശങ്കയുടെ ആഴം വർധിപ്പിക്കുന്നതാണെന്ന് ജയ്റാം രമേശ് പറഞ്ഞു. അനധികൃത പണമിടപാട് നിരോധന നിയമത്തിന് കീഴിൽ വന്ന ഒരു കേസ് ജസ്റ്റിസ് കൗളിന്‍റെ ബെഞ്ചിൽനിന്ന് അദ്ദേഹത്തോട് കൂടിയാലോചിക്കാതെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിക്കുമേൽ സമ്മർദം ചെലുത്തുന്ന സംഭവങ്ങളാണ് നടന്നതെന്നും ഭരണഘടന ഉയർത്തിപ്പിടിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ അധികാരത്തിൽ ഇരിക്കുന്നവരുടെ സ്വാധീനത്തിൽനിന്ന് മുക്തമായിരിക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandrachud was too deferential: Former SC judge Justice Kaul’s memoir reveals quiet rift with then CJI
Next Story