Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലു സംസ്ഥാനങ്ങളിൽ ഇന്ന് ആദ്യ ക്ലാസ് ടെസ്റ്റ്; ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

text_fields
bookmark_border
നാലു സംസ്ഥാനങ്ങളിൽ ഇന്ന് ആദ്യ ക്ലാസ് ടെസ്റ്റ്; ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
cancel

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി ആറ് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 2026-ലെ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചതിനെത്തുടർന്നാണ് ഈ ആറ് സീറ്റുകൾ ഒഴിവു വന്നത്. സർക്കാർ രൂപീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ പ്രാഥമിക വിലയിരുത്തലാവും. അതിനാൽതന്നെ സർക്കാരുകൾക്ക് ഇത് അഭിമാന പോരാട്ടമാണ്. പല നേതാക്കളും രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുകയും പിന്നീട് അതിലൊന്ന് നിലനിർത്തുകയും ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റീജിനഗർ, തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടഞ്ചാവടി, അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൂറുമാറ്റങ്ങൾക്കും മന്ത്രിസഭാ അധികാരമേൽക്കലിനും ശേഷം നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിലേക്ക് എല്ലാ സീറ്റുകളിലേക്കും കടുത്ത പ്രചാരണങ്ങളാണ് നടന്നത്.

പശ്ചിമ ബംഗാളിൽ, ടി.എം.സി അധ്യക്ഷ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ ശേഷം ഭവാനിപൂർ നിലനിർത്തിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞത്. ഞായറാഴ്ച നന്ദിഗ്രാമിൽ കാൽനടയായി നടത്തിയ മാർച്ചിലൂടെ, ബി.ജെ.പി സ്ഥാനാർത്ഥിയും തന്റെ കൊല്ലപ്പെട്ട സഹായി ചന്ദ്രനാഥ് റാത്തറുടെ അമ്മയുമായ ഹസിറാണി റാത്തിന് വേണ്ടി അധികാരി പ്രചാരണം നടത്തി.

രണ്ട് മണ്ഡലങ്ങളിലും വിജയിച്ച ശേഷം, ആം ജനതാ ഉന്നയൻ പാർട്ടി (AJUP) സ്ഥാപകനായ ഹുമായുൻ കബീർ നൗദ നിലനിർത്തുകയും തുടർന്ന് റീജിനഗർ സീറ്റ് ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ ഗുലാം നബി ആസാദാണ് എ.ജെ.യു.പിക്ക് വേണ്ടി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ടി.എം.സിയുടെ മമതാ വിഭാഗം സ്ഥാനാർത്ഥി രബി ഉൾ ആലം ചൗധരി, ടി.എം.സിയുടെ റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗം സ്ഥാനാർത്ഥി സഫിയുസ്സമാൻ ഷെയ്ഖ്, കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് അബ്ദുല്ലാഹിൽ കാഫി എന്നിവരും മത്സര രംഗത്തുണ്ട്.

തമിഴ്‌നാട്

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരായ കെ. മരഗതം കുമാരവേലും പി. സത്യഭാമയും നടനും രാഷ്ട്രീയക്കാരനുമായ സി. ജോസഫ് വിജയ്യുടെ ടി.വി.കെയിൽ ചേരുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തതിനെത്തുടർന്നാണ് യഥാക്രമം മധുരാന്തകം, ധാരാപുരം എന്നീ സീറ്റുകളിൽ വീണ്ടും തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മുൻ എം.എൽ.എമാർ തന്നെയാണ് ഇവിടങ്ങളിൽ ടി.വി.കെയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.

അസം

അസമിൽ, കോൺഗ്രസ് എം.പി പ്രദ്യുത് ബോർഡോലോയ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയും ഏപ്രിൽ തെരഞ്ഞെടുപ്പിൽ ദിസ്പൂർ നിയമസഭാ സീറ്റിൽ വിജയിക്കുകയും ചെയ്തതിനെത്തുടർന്ന് മാർച്ചിലാണ് നാഗോൺ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞത്.

പുതുച്ചേരി

പുതുച്ചേരിയിൽ, രണ്ട് മണ്ഡലങ്ങളിലും വിജയിച്ച മുഖ്യമന്ത്രി എൻ. രംഗസാമി മംഗലം നിലനിർത്തിയതിനെത്തുടർന്നാണ് തട്ടഞ്ചാവടി നിയമസഭാ സീറ്റ് ഒഴിഞ്ഞത്.

ഭരണകക്ഷിയായ എ.ഐ.എൻ.ആർ.സി നയിക്കുന്ന മുന്നണിയുടെ പിന്തുണയുള്ളവരും ഐക്യപ്രതിപക്ഷവും ഉൾപ്പെടെ 11 സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ള മണ്ഡലത്തിൽ ബഹുകോണ മത്സരമാണ് നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bypolls election voting update
Next Story