മോദിയെയും ആർ.എസ്.എസിനെയും അധിക്ഷേപിച്ചെന്ന് ബി.ജെ.പി; കനയ്യ കുമാറിനെതിരെ കേസെടുത്തു
text_fieldsപട്‌ന: ചാനൽ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ കേസെടുത്തു. ബി.ജെ.പിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കനയ്യ കുമാർ ഒരു വാർത്താ ചാനലിന് അഭിമുഖത്തിനിടെ പ്രധാനമന്ത്രി മോദിയെയും ആർ.എസ്.എസിനെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകിയത്. ബീഹാറിലെ ബി.ജെ.പിയുടെ മീഡിയ തലവൻ ഡാനിഷ് ഇഖ്ബാലാണ് പരാതിക്കാരൻ.
'തുക്ഡെ തുക്ഡെ ഗ്യാങി'ന്‍റെ ഭാഗമായ കനയ്യ കുമാർ ഏപ്രിൽ 11 ന് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിക്കും ആർ.എസ്.എസിനും അതിന്റെ പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. അഭിമുഖത്തിൽ അദ്ദേഹം ഉപയോഗിച്ച ഭാഷ അങ്ങേയറ്റം പ്രതിഷേധാർഹവും അസ്വീകാര്യവുമാണ് എന്ന് ഇക്ബാൽ പറഞ്ഞു.
അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

