പൂഞ്ച് ഭീകരാക്രമണം: വീരമൃത്യു വരിച്ചവർ ഇവരാണ്
text_fieldsജമ്മു: ജമ്മു-കശ്മീരിലെ രജൗരി മേഖലയിൽപെട്ട പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ പേരുകൾ സൈന്യം പുറത്തുവിട്ടു. രാഷ്ട്രീയ റൈഫിൾസിലെ ഹവീൽദാർ മൻദീപ് സിങ്, ലാൻസ് നായികുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, ശിപായിമാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരാണ് മരിച്ചതെന്ന് നഗ്രോട്ട ആസ്ഥാനമായുള്ള ആർമി ക്യാപ് അറിയിച്ചു.
മെന്ദാർ സബ്ഡിവിഷനിൽ ഭട്ട ദൂരിയൻ ദേശീയപാതയിൽ വ്യാഴാഴ്ച പകൽ മൂന്നിനായിരുന്നു ആക്രമണം. അഞ്ചു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഭിംബർ ഗലിയിൽനിന്ന് സംഗിയാട്ടിലേക്കു പോയ സൈനിക വാഹനത്തിന് നേരെയാണ് അജ്ഞാതരായ ഭീകരർ ഗ്രനേഡ് എറിഞ്ഞത്. കനത്ത മഴയും വെളിച്ചക്കുറവും മുതലെടുത്തായിരുന്നു ആക്രമണമെന്ന് നോർത്തേൺ കമാൻഡ് അധികൃതർ അറിയിച്ചു.സൈനിക വാഹനങ്ങളുടെ വ്യൂഹത്തിൽപെട്ട ട്രക്കിലെ സൈനികർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിച്ച വാഹനത്തിലാണ് സ്ഫോടനമുണ്ടായതെന്നും റിപ്പോർട്ടുണ്ടായിരുന്നു. പിന്നീടാണ് ഭീകരാക്രമണമാണെന്ന് സൈന്യം ഉറപ്പിച്ചത്. പരിക്കേറ്റവർ രജൗരി സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

