മുൻ ഭാര്യയെ ആലിംഗനം ചെയ്ത് മാധ്യമങ്ങൾക്ക് മുന്നിൽ ആമിർ ഖാൻ; വൈറലായി വീഡിയോ
text_fieldsവിവാഹ ബന്ധം വേർപെടുത്തിക്കഴിഞ്ഞാൽ പിന്നെ കാലാകാലം ശത്രുക്കളായി തുടരണം എന്നതാണ് നാട്ടുനടപ്പ് എന്നാണ് ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത്. പരസ്പരം ഒരുമിച്ചു പോകാൻ കഴിയാത്ത ദമ്പതികൾ പിരിയുന്നതും അവർ സൗഹൃദം കാത്തുസൂക്ഷിക്കുന്നതും മാറിയ കാലത്ത് പതിവായിട്ടുണ്ട്. സിനിമ മേഖലയിൽ അത് വളരെ പ്രകടമായി കാണാം. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പ്രമുഖ നടൻ ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും തമ്മിലുള്ള സൗഹൃദം.
വേർപിരിഞ്ഞിട്ടും പൊതുവേദിയിൽ കണ്ടുമുട്ടിയപ്പോൾ സ്നേഹവും കരുതലും പങ്കുവെച്ച ബോളിവുഡ് നടൻ ആമിർ ഖാന്റെയും മുൻ ഭാര്യ കിരൺ റാവുവിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയിരികകുകയാണ്. മുംബൈയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. യോഗ ശേഷം തങ്ങളുടെ വാഹനങ്ങൾ വരുന്നതും കാത്ത് നിൽക്കുന്നതിനിടയിലാണ് ഇരുവരും ഏറെ നേരം സംസാരിച്ച് ആലിംഗനം ചെയ്തത്. ഇത് പകർത്താൻ എത്തിയ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഇരുവരും ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു.
2005ൽ വിവാഹിതരായ ആമിറും കിരണും കഴിഞ്ഞ വർഷം ജൂലൈയിലാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച ഇരുവരും ഇപ്പോൾ മകൻ ആസാദിന് വേണ്ടി ഇടക്കിടെ ഒരുമിക്കാറുണ്ട്. വേർപിരിയൽ വേളയിൽ ആമിറിന്റെയും കിരണിന്റെയും പ്രസ്താവന ഇങ്ങനെയായിരുന്നു-"ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ഒരു ജീവിതകാലം മുഴുവൻ അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു.
ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും വളർന്നു. ഇപ്പോൾ ഞങ്ങൾ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ - ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, പരസ്പരം സഹ-മാതാപിതാക്കളും കുടുംബവും എന്ന നിലയിലാണ്. ഞങ്ങൾ കുറച്ചുകാലം മുമ്പ് വേർപിരിഞ്ഞായിരുന്നു താമസം. ഇപ്പോൾ അത് ഔപചാരികമാക്കാൻ ആഗ്രഹിക്കുന്നു. വേർപിരിഞ്ഞ് ജീവിക്കുമ്പോഴും മകനായി കുടുംബം നിലനിർത്തും. ഞങ്ങളുടെ മകൻ ആസാദിന് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും. അവനെ ഞങ്ങൾ ഒരുമിച്ച് വളർത്തുകയും ചെയ്യും.പുതിയ വീഡിയോക്ക് പിന്നാലെ ഇരുവരെയും അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.
വീഡിയോ കടപ്പാട്: എൻ.ഡി ടി.വി

