യൂറോപ്യൻ ഫിറ്റും ഫിനിഷും; കുശാക് ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ
text_fieldsപുറത്തിറക്കാനിരിക്കുന്ന കോമ്പാക്ട് എസ്.യു.വി കുശാകിന്റെ ഇന്റീരിയർ വെളിപ്പെടുത്തി സ്േകാഡ. നിർമാണം പൂർത്തിയായ വാഹനത്തിന്റെ ചിത്രങ്ങൾക്ക് പകരം ഡിസൈൻ സ്കെച്ചുകളാണ് കമ്പനി പങ്കുവച്ചിരിക്കുന്നത്. പുതിയ കുശാക് മാർച്ച് 18ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഇന്ത്യയിലായിരിക്കും വാഹനത്തിന്റെ പുറത്തിറക്കൽ ചടങ്ങ് നടക്കുക.
ഇന്ത്യ 2.0 ഉൽപ്പന്ന കാമ്പെയിന്റെ ഭാഗമായി സ്കോഡ, ഫോക്സ്വാഗൺ ബ്രാൻഡുകളിൽ നിന്നുള്ള നാല് പുതിയ മോഡലുകളിൽ രാജ്യത്ത് അവതരിപ്പിക്കുന്നുണ്ട്. അതിൽ ആദ്യത്തേതായിരിക്കും കുശാക്. യൂറോപ്യൻ ഫിറ്റും ഫിനിഷുമാണ് കുശാക് ഇന്റീരിയറിൽ കാണാനാകുന്നത്. ഡാഷ്ബോർഡിന്റെ മധ്യത്തിൽ വലിയ ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ, സ്കോഡ സൂപ്പർബിലേതിന് സമാനമായ സ്റ്റൈലിഷ് ഇരട്ട സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ കാണാനാകും. ഡ്യുവൽ-ടോൺ കളറാണ് മറ്റൊരു പ്രത്യേകത. ഉള്ളിലെ രൂപകൽപ്പന വാഹനത്തിന്റെ ബാഹ്യ നിറവുമായി പൊരുത്തപ്പെടാൻ സാധ്യതയുണ്ട്.
10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനായിരിക്കും ക്യാബിന്റെ പ്രധാന ആകർഷണം. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ എയർ-കോൺ വെുന്റകളും ധാരാളം സ്റ്റോറേജ് സ്പെയ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 93 ശതമാനവും പ്രാദേശികമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നതെന്ന പ്രചാരണവുമായാണ് സ്കോഡ കുശാക് അവതരിപ്പിക്കുന്നത്. മിനി എസ്.യു.വി വിഭാഗത്തിൽപെടുന്ന വാഹനത്തിന്റെ വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. ഡീസൽ എഞ്ചിൻ ഒഴിവാക്കി രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് വാഹനം വിപണിയിലെത്തുക.
ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്നാണ് കുശാകിനെ സ്കോഡ വിശേഷിപ്പിക്കുന്നത്. കുശാക് എന്നാൽ ചക്രവത്തി എന്നാണ് അർഥമെന്നാണ് സ്കോഡ പറയുന്നത്. സംസ്കൃതത്തിലാണീ വാക്കിന്റെ വേരുകൾ കിടക്കുന്നത്. പേരും വിശേഷണങ്ങളും എന്തായാലും വർധിച്ച ആത്മവിശ്വാസത്തിലാണ് സ്കോഡ തങ്ങളുടെ ചെറു എസ്.യു.വി മോഡൽ വിപണിക്കായി ഒരുക്കുന്നത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ ഏറെപ്പേരെ ആകർഷിച്ച സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് മോഡലാണ് കുശാക് എന്ന പേരിൽ എത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നീ അതികായന്മാരോടാണ് കുശാക് വിപണിയിൽ മത്സരിക്കുന്നത്. മോഡലിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച കമ്പനി മാർച്ചിൽ കുശാക് ഇന്ത്യയിൽ അതിന്റെ ലോകതലത്തിലെ അരങ്ങേറ്റം കുറിക്കുമെന്നാണ് പറയുന്നത്. നിലവിൽ വാഹനം നിർമാണഘട്ടത്തിലാണ്.
എംക്യുബി-ഇൻ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ സ്കോഡ കുശാകിന് 2651 മില്ലിമീറ്റർ വീൽബേസ് ഉണ്ടായിരിക്കും. ഉയർന്ന വകഭേദങ്ങളിൽ ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിങ് ലൈറ്റുകളും (ഡിആർഎൽ), ടെയിൽ, ബ്രേക്ക് ലൈറ്റുകളുമെല്ലാം എൽ.ഇ.ഡി ആയിരിക്കും. മൈ സ്കോഡ കണക്റ്റ് ടെകും ലഭിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ആറ് എയർബാഗുകൾ (ഓപ്ഷണൽ ഫ്രണ്ട് സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ) പോലുള്ള സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. എല്ലാ ട്രിമ്മുകളിലും ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം (ഇഎസ്സി) ലഭ്യമാണ്. ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ എന്നിവയും മികച്ച വേരിയന്റുകളിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ മാത്രമാണ് വാഹനത്തിന് ലഭ്യമാവുക.പോളോയിലും റാപ്പിഡിലും കാണപ്പെടുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ, കരോക്കിൽ കാണുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് കുശാകിന് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഏഴ് സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷൻ എന്നിവയുൾപ്പെടെ മൂന്ന് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

