Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

22 വയസ്സുകാരന് ഹാർട്ട് അറ്റാക്ക്! കാലം വല്ലാണ്ടങ്ങ് മാറിയിരിക്കുന്നു; മുന്നറിയിപ്പുമായി ഡോ. രാജേഷ് ഗോപാൽ നായർ

text_fields
bookmark_border
22 വയസ്സുകാരന് ഹാർട്ട് അറ്റാക്ക്! കാലം വല്ലാണ്ടങ്ങ് മാറിയിരിക്കുന്നു; മുന്നറിയിപ്പുമായി ഡോ. രാജേഷ് ഗോപാൽ നായർ
cancel

പണ്ടൊക്കെ പ്രായമായ അച്ഛനമ്മമാരുടെ രോഗവിവരം അറിയാനായി മക്കൾ കാത്ത് ലാബിനു മുമ്പിൽ കാത്തുനിൽക്കുമായിരുന്നെങ്കിൽ ഇപ്പോൾ തിരിച്ചാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാൽ നായർ. ഹാർട്ട് അറ്റാക്ക് വന്ന 20 കാരന്റെ ആരോഗ്യസ്ഥിതി അറിയാൻ മാതാപിതാക്കൾ സി.സി.യുവിന് (CCU) പുറത്ത് ടെൻഷനടിച്ചിരിക്കുന്ന അവസ്ഥയാണെന്നും കാലം വല്ലാണ്ടങ്ങ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ 22 കാരന്റെ അനുഭവം പങ്കുവെച്ചാണ് ഡോക്ടറുടെ കുറിപ്പ്. രാവിലെ മുതൽ നെഞ്ചിനു നടുക്ക് ഭാരം അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവാവ് ചികിത്സ തേടിയത്.

നെഞ്ചിന് നടുക്ക് ഭാരം വെച്ചതുപോലെയോ (ഹൃദയോൽക്ലേശം) എരിച്ചിൽ പോലെയോ തോന്നിയാൽ 'ഗ്യാസ്' ആയിരിക്കും എന്ന് കരുതി അവഗണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ ഏറ്റവും അടുത്ത കാത്ത് ലാബ് സൗകര്യമുള്ള വലിയ ആശുപത്രിയിൽ തന്നെ എത്തി ചികിത്സ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അപൂർവ്വമായാണ് ഇത്തരത്തിൽ ചെറിയ പ്രായത്തിൽ ഹാർട്ട് അറ്റാക്ക് വരുന്നത്. യുവാവ് പുകവലിക്കുന്നയാളായിരുന്നുവെന്നും ഡോക്ടർ പറയുന്നു. അമിത മദ്യപാനവും (Alcohol binge), കൊക്കെയ്ൻ, എം.ഡി.എം.എ (MDMA), ആംഫെറ്റാമിൻ, കഞ്ചാവ്, ഹെറോയിൻ, ഫെന്റനിൽ തുടങ്ങിയ ശീലങ്ങളെല്ലാം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാം. ഇവ കൊറോണറി രക്തധമനിയെ വരിഞ്ഞുമുറുക്കുമെന്നും നെഞ്ചിടുപ്പും രക്തസമ്മർദ്ദവും (BP) കുതിച്ചുയരുമെന്നും പ്ലേറ്റ്ലെറ്റുകൾ പറ്റിപ്പിടിച്ച് രക്തം കട്ടകെട്ടാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഹൃദയോ ക്ലമ:

ഒരു രാവിലെ കാത്ത് ലാബിൽ 8 മണിക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ ഹാർട്ട് അറ്റാക്കിനുള്ള പ്രൈമറി ആൻജിയോപ്ളാസ്റ്റി നടക്കുകയാണ്. ദിവസവും 6-7 പ്രൈമറി ആൻജിയോപ്ളാസ്റ്റി നടക്കാറുണ്ട്. (ഇവിടെ 24 മണിക്കൂറും ഈ ഉള്ളവൻ മുൻകൈ എടുത്ത് അതു തുടങ്ങിയത് കൊണ്ട്, ചെയ്ത് കൈ തഴമ്പിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ചേക്കേറിയ ചില മഹാന്മാരാണ് എന്നെ നാക്കുകൊണ്ട് ഗുരുദക്ഷിണ നടത്തി ഈയിടെ ഗുരുപൂജ നടത്തിയത്).

പറഞ്ഞു വന്നത് എന്റെ കണ്ണ് ഉടക്കിയത് മോണിറ്ററിൽ രോഗിയുടെ പേരിനൊപ്പം കണ്ട വയസ്സിലേക്കാണ്, 22 വയസ്സ്. അടഞ്ഞിരിക്കുന്നത് ഹൃദയത്തിന്റെ മുക്കാൽ ഭാഗവും സപ്ലൈ ചെയ്യുന്ന ലെഫ്റ്റ് ആന്റീരിയർ ഡിസൻഡിംഗ് (LAD) എന്ന ധമനി. ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന മിടുക്കൻ 10 മിനുട്ടിനുള്ളിൽ അടഞ്ഞ ധമനി തുറന്നെടുത്തു, ഞാൻ ചരിതാർഥ്യം കൊണ്ടു. (ഗുരുദക്ഷിണ പിന്നീട് പലിശ സഹിതം നാവിൽനിന്നും കിട്ടിക്കോളും).

ഇനിയുള്ള മണിക്കൂറുകളും നിർണായകം ആണ്. ഹൃദയ ഭിത്തി പൊട്ടാം(free wall rupture), ഹാർട്ട് ഫെയ്ലൂർ വന്ന് ശ്വാസം മുട്ടി വെന്റിലേറ്ററിൽ ആകാം, ഹൃദയ താളപ്പിഴകൾ വന്നു( VT storm) മരിക്കാം. സ്റ്റെന്റ് വീണ്ടും അടയാം(acute stent thrombosis) വിധിയുടെ ഗില്ലറ്റിനെ ആർക്ക് തടുക്കാൻ പറ്റും?

22 വയസ്സ് കാരന് ഹാർട്ട് അറ്റാക്ക്? കാരണം? നല്ല പുകവലി ആണത്രെ! രാവിലെ മുതൽ നെഞ്ചിനു നടുക്ക് ഭാരം.

ആഗോള മലയാളിയുടെ ആദ്യാവസാന സോക്കേട്, ഗ്യാസ്.

ഭാഗ്യത്തിന് ഗ്യാസ് പോകുന്നതിനു മുൻപു ആശുപത്രിയിൽ എത്തി.

alcohol binge(അമിത മദ്യ ഉപയോഗം), cocaine, MDMA, amphetamine, ഗഞ്ചാവ്, ഹീറോയിൻ, ഫെൻറണിൽ….ഇതെല്ലാം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാം. ഇതിൽ ഏതെങ്കിലും എടുത്താൽ ആ നശിച്ച സാധനം കൊറോണറി രക്ത ധമനി വരിഞ്ഞു മുറുക്കും, നെഞ്ചിടുപ്പും BP യും കുതിച്ചുയരും, പ്ലേറ്റ്ലെറ്റ് പറ്റിപ്പിടിച്ച് രക്തക്കട്ട ഉണ്ടാകും.

നെഞ്ചിന് നടുക്ക് ഭാരം വെച്ചപോലെയോ(ഹൃദയോ ക്ലമ:) എരിച്ചില് പോലെയോ തോന്നിയാൽ ഉടൻ ഏറ്റവും അടുത്ത് കാത്ത് ലാബ് സൗകര്യം ഉള്ള വലിയ ആശുപത്രിയിലേക്ക് തന്നെ എടുത്തോണ്ട് ഓടിക്കോളണം, അവിടെ എത്തുന്നതിന് മുൻപു 8% പേരെങ്കിലും “അത്യുന്നതങ്ങളിൽ”എത്തിയിരിക്കും എന്ന ഓർമ വേണം.

ഹാർട്ട് അറ്റാക്ക് എന്ന രോഗ നിർണയം കേട്ടോ ഉടൻ ആൻജിയോപ്ലാസ്റ്റി (പ്രൈമറി ആൻജിയോപ്ലാസ്റ്റി) ചെയ്യുക. അല്ലെങ്കിൽ മോളോട്ട് പോകും ചിലരൊക്കെ.

ആരെയും കൺഫ്യൂഷൻ അടിപ്പിച്ചിട്ടില്ല ആരും എന്ന് ഇപ്പോഴും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇവിടെ സെക്കന്റ് ഒപ്പിനിയൻ എടുക്കാനൊന്നും സെക്കൻഡുകൾ പോലും പടച്ചമ്പ്രാൻ തന്നെന്ന് വരില്ല. എവിടെയാണോ ചെന്നത് ആ ആശുപത്രിയിൽ വെച്ചു തന്നെ ചെയ്യുക. കെട്ടു താലി പറിക്കണോ, പറിച്ചോ വേഗം.

പണ്ടൊക്കെ പ്രായമായ അച്ഛനമ്മമാരുടെ രോഗവിവരം അറിയാനായി മക്കൾ CCU വിനു മുമ്പിൽ കാത്തു നിന്നിരുന്നു, ഇപ്പോ തിരിച്ചാണ്. അറ്റക്കായിട്ട് കിടക്കുന്ന 20 കാരന്റെ കണ്ടിഷൻ അറിയാൻ അച്ഛനും അമ്മയും CCU വിനു പുറത്ത് ടെൻഷൻ അടിച്ചു നിൽക്കുന്നു.

കാലം വല്ലാണ്ടങ്ങ് മാറിയിരിക്കുന്നു!


!

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heaviness in the middle of the chest - Dr. Rajesh Gopal Nair warns
Next Story