നാല് വർഷത്തിലേറെയായി വിഷാദ രോഗിയാണ്; വെളിപ്പെടുത്തലുമായി ആമിർ ഖാെൻറ മകൾ
text_fieldsകഴിഞ്ഞ നാല് വർഷമായി വിഷാദരോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് മെഗാ സ്റ്റാർ ആമിർ ഖാെൻറ മകൾ ഇറാ ഖാൻ. മാനസികാരോഗ്യ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലായിരുന്നു ഇറ ഖാെൻറ വെളിപ്പെടുത്തൽ. വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് പറഞ്ഞ ഇറ, ഇപ്പോൾ ആരോഗ്യ നില ഏറെ മെച്ചെപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ആമിർ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ.
'നാല് വർഷത്തിലധികമായി വിഷാദ രോഗിയാണ് ഞാൻ. ഡോക്ടറെ കാണാറുണ്ട്. ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി മാനസികാരോഗ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആലോചനയിലാണ്. എന്നാൽ, എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ നിശ്ചയമില്ല. വിഷാദത്തിലൂടെയുള്ള എെൻറ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും' ഇറ വിഡിയോയിൽ പറഞ്ഞു.

