നെയ്മീൻ പിടിച്ചാൽ രണ്ടു ലക്ഷം ദിർഹം സമ്മാനം നേടാം
text_fieldsഅബൂദബി: കടലിൽ പോയി നെയ്മീൻ അഥവാ കിങ്ഫിഷിനെ പിടിക്കാൻ കഴിയുന്നവർക്ക് രണ്ടു ലക്ഷം ദിർഹം സമ്മാനം നേടാൻ അവസരം. അബൂദബി ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പാണ് മീൻപിടിത്തം ഹരമാക്കിയവർക്കായി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 19 മുതൽ 21വരെ നടക്കുന്ന മത്സരത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ ഭാരം കണക്കാക്കിയാണ് ജേതാക്കളെ തീരുമാനിക്കുക.
60 വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡ് നൽകുമെന്ന് സംഘാടകർ അറിയിക്കുന്നു. മൊത്തം 10 ലക്ഷം ദിർഹമാണ് സമ്മാനത്തുക. താൽപര്യമുള്ളവർക്ക് അബൂദബി സ്പോർട്സ് കൗൺസിൽ വെബ്സൈറ്റിൽ ഏപ്രിൽ 15 വരെ പേര് രജിസ്റ്റർ ചെയ്യാം. 200 ദിർഹം രജിസ്ട്രേഷൻ ഫീസ് ഈടാക്കും. 16ന് രാവിലെ ഏഴിന് അബൂദബി കരാമയിലെ മുഹമ്മദ് ഖലാഫ് മജ് ലിസിൽ മത്സരനിയമങ്ങളെ കുറിച്ച് വിശദീകരിക്കും.
16-18 വരെ ബോട്ടിനുള്ള സ്ഥലം അനുവദിക്കും. 19ന് അബൂദബി മറൈൻ സ്പോർട്സ് ക്ലബിന് സമീപത്തെ ബീച്ചിൽ ബോട്ടുകൾ സംഗമിക്കും. പിന്നീടാണ് മൂന്ന് ദിവസം നീളുന്ന മീൻപിടിത്ത മത്സരം തുടങ്ങുക.

