ആഡംബര വാച്ച് ഇറക്കുമതിയിൽ യു.എ.ഇ മുന്നിൽ
text_fields
ദുബൈ: ഈ വർഷം ആദ്യ പകുതിയിൽ സ്വിസ് വാച്ച് ഇറക്കുമതിയിൽ ഗൾഫ് മേഖലയിൽ ഒന്നാമതായി യു.എ.ഇ. 2025ലെ ആദ്യ ആറു മാസത്തിൽ 770 മില്യൻ ഡോളറിന്റെ വാച്ചുകളാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്തത്. ഫെഡറേഷൻ ഓഫ് ദ സ്വിസ് വാച്ച് ഇൻഡസ്ട്രി പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യതമാകുന്നത്.സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ അടക്കമുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളുടെ ആകെ ഇറക്കുമതിയിൽ 58 ശതമാനവും യു.എ.ഇയിലേക്കാണ്. 1.33 ബില്യൻ ഡോളറിന്റെ വാച്ചുകളാണ് അഞ്ചു രാജ്യങ്ങളും ചേർന്ന് ജനുവരി മുതൽ ജൂൺ വരെ ഇറക്കുമതി ചെയ്തത്.അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതി നിരക്കിൽ ചെറിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഗൾഫിലേക്ക് 1.34 ബില്യൻ ഡോളറിന്റെ സ്വിസ് വാച്ച് ഇറക്കുമതിയാണുണ്ടായത്. ഈ വർഷം പട്ടികയിൽ ഗൾഫിൽ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.

