വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു
text_fieldsഷാർജ: യു.എ.ഇ യൂനിവേഴ്സിറ്റി വിദ്യാർഥിനി അൽ ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. അൽ ഐനിൽ നിന്ന് റാസൽഖൈമയിലുള്ള വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
വരിതെറ്റിയെത്തിയ ഇന്ധന ടാങ്കർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ വശങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 20കാരിയായ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന സഹപാഠിയായ വിദ്യാർഥിനിക്ക് കൈക്ക് പരിക്കേൽക്കുകയും ചെയ്തു.
ബസിൽ മടങ്ങാൻ തീരുമാനിച്ചിരുന്ന വിദ്യാർഥിനി, തനിച്ചു യാത്ര ചെയ്യുന്ന സുഹൃത്തിന് കൂട്ടാകാനാണ് കാറിൽ കൂടെപ്പോയത്. ഈ തീരുമാനം ഒടുവിൽ ദാരുണമായ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. റാസൽഖൈമയിലെ സായിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം അൽ ഉറൈബി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. എല്ലാവരോടും സ്നേഹത്തോടെയും മാന്യതയോടെയും മാത്രം പെരുമാറിയിരുന്ന വിദ്യാർഥിനിയുടെ ആകസ്മിക വേർപാട് സുഹൃത്തുക്കളെയും അധ്യാപകരെയും ഏറെ ദുഃഖത്തിലാഴ്ത്തി.

