എൽ നിനോ സ്വാധീനം; യു.എ.ഇയിൽ മഴയും ചൂടും കൂടിയേക്കും
text_fieldsനവംബർ മുതൽ മാർച്ച് വരെ
താപനിലയും മഴയും ശരാശരിയിലും കൂടുമെന്ന് പ്രവചനം
ദുബൈ: വരുന്ന നവംബർ മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള കാലയളവിൽ യു.എ.ഇയിൽ സാധാരണയേക്കാൾ കൂടുതൽ താപനിലയും മഴയും അനുഭവപ്പെടുമെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനം കാരണം ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എൽ നിനോ പ്രതിഭാസം തുടരാൻ 96 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. പസഫിക് സമുദ്രത്തിലെ നിലവിലെ കാലാവസ്ഥാ സൂചകങ്ങൾ ഫെബ്രുവരി വരെ എൽ നിനോ ശക്തമായി തുടരുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, യു.എ.ഇയിൽ ഇതിന്‍റെ പ്രതിഫലനം 2027 ഏപ്രിൽ വരെനീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഈ പ്രതിഭാസം അതിന്‍റെ പാരപ്യത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ മൂന്നുഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തിന്‍റെ ലക്ഷണമാണെന്ന് എൻ.സി.എം ചൂണ്ടിക്കാട്ടുന്നു. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിന്‍റെ അവസാന ഘട്ടങ്ങളിൽ ശക്തമായ മഴക്കും മറ്റ് കാലാവസ്ഥാ മാറ്റങ്ങൾക്കും അനുയോജ്യമായ സാഹചര്യങ്ങൾ രൂപപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

