ചരിത്രനേട്ടത്തിനരികെ യു.എ.ഇ; ചന്ദ്രനിൽ ഇറങ്ങാൻ ‘റാശിദി’ന്റെ ആദ്യ ശ്രമം 25ന്
text_fieldsറാശിദ് റോവർ
ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ ‘റാശിദ്’ റോവറിന്റെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം ഈമാസം 25ന്. യു.എ.ഇ സമയം രാത്രി 8.40നാണ് ചരിത്രദൗത്യം നടക്കുകയെന്ന് ‘റാശിദ്’ വഹിക്കുന്ന ഹകുതോ-ആർ മിഷൻ ലാൻഡറിന്റെ നിർമാതാക്കളായ ഐസ്പേസ് അറിയിച്ചു.
കഴിഞ്ഞമാസം അവസാനത്തിൽ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയതായി കമ്പനി അറിയിച്ചിരുന്നു.
ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും. ശ്രമം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. അതോടൊപ്പം ചന്ദ്രനിലേക്കുള്ള വാണിജ്യ കാർഗോ ദൗത്യത്തിൽ വിജയിക്കുന്ന ആദ്യത്തെ കമ്പനിയായി ഐസ്പേസ് മാറുകയും ചെയ്യും.
മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേര് നൽകപ്പെട്ട ‘റാശിദ്’ റോവർ കഴിഞ്ഞവർഷം ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകത്തിൽ നിന്ന് നേരത്തേ ആദ്യ സന്ദേശം പുറത്തുവന്നിരുന്നു.
പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനുപകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്.
ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.

