Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കുട്ടികളുടെ ഓൺലൈൻ ഭാഷ മനസ്സിലാക്കണം’

text_fields
bookmark_border
‘കുട്ടികളുടെ ഓൺലൈൻ ഭാഷ മനസ്സിലാക്കണം’
cancel

ദുബൈ: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അവർ ഉപയോഗിക്കുന്ന ഓൺലൈൻ സംഭാഷണ രീതികളും (സ്ലാങ്​) കോഡ് വാക്കുകളും മനസ്സിലാക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് യു.എ.ഇ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. സോഷ്യൽ മീഡിയയിലും ചാറ്റുകളിലും കുട്ടികൾ ഉപയോഗിക്കുന്ന പല വാക്കുകൾക്കും ഇമോജികൾക്കും മാതാപിതാക്കൾ കരുതുന്നതിനേക്കാൾ വ്യത്യസ്തവും അപകടകരവുമായ അർഥങ്ങൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

‘SYBAU’, ‘gyatt’, ‘skibidi’ തുടങ്ങി ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇന്‍റർനെറ്റ് വാക്കുകളും ഇമോജികളും വെറും തമാശയായി തോന്നാമെങ്കിലും, ചില സാഹചര്യങ്ങളിൽ അവ ബുള്ളിയിങ്​, ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അല്ലെങ്കിൽ വിദ്വേഷ പ്രചാരണങ്ങൾ എന്നിവ ആകാൻ സാധ്യതയുണ്ട്. അതിനാൽ, കുട്ടികളുടെ ഓൺലൈൻ ഭാഷയെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.

യു.എ.ഇയിൽ ഏഴുവയസ്സിന് മുകളിലുള്ള 97 ശതമാനം കുട്ടികളും ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. മൂന്നിൽ ഒരു കുട്ടി അപരിചിതരുമായി ഓൺലൈനിൽ ബന്ധപ്പെടുന്നുണ്ടെന്ന് 2026 ജനുവരിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി നിയമം നടപ്പിലാക്കിയും 5,000ലധികം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിച്ചും സർക്കാർ വലിയ മുൻകരുതലുകൾ എടുക്കുന്നുണ്ട്​. എങ്കിലും മാതാപിതാക്കളുടെ ശ്രദ്ധയാണ് ഏറ്റവും പ്രധാനമെന്ന്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾ കളിക്കുന്ന ഗെയിമുകളുടെ പ്രായപരിധി ഉറപ്പുവരുത്താനും, അവർ ഉപയോഗിക്കുന്ന ആപ്പുകളും ഇടപെടുന്ന ആളുകളെയും നിരീക്ഷിക്കാനും ഓർഗനൈസേഷൻ നിർദേശിക്കുന്നു. അജ്ഞാതമായ വാക്കുകളോ സന്ദേശങ്ങളോ കാണുമ്പോൾ കുട്ടികളെ വഴക്കുപറയാതെ അതിന്‍റെ അർഥം എന്താണെന്ന് സൗഹൃദപരമായി ചോദിച്ചറിയുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കണമെങ്കിൽ അവർ ജീവിക്കുന്ന ഡിജിറ്റൽ ലോകത്തെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ ധാരണയുണ്ടാകണമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ. ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു. കേവലം ഉപകരണങ്ങൾ പരിശോധിക്കുന്നതിനോ സ്‌ക്രീൻ സമയം നിയന്ത്രിക്കുന്നതിനോ അപ്പുറം കുട്ടികളുടെ ഓൺലൈൻ സംസ്കാരം മനസ്സിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Child Digital Safety
Next Story