മുത്താണ് ഈ മുത്ത് പാഠശാല
text_fieldsപൂര്‍വ്വികരുടെ സാഹസിക ജീവിതവഴികള്‍ വരച്ചുകാട്ടുകയാണ് റാസല്‍ഖൈമ അല്‍ റംസിലെ ‘സുവൈദി പേള്‍ ഫാം’. ഒരുകാലത്ത് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിച്ച മുത്തുവാരലിന് അറബ് മണ്ണില്‍ 7500 ആണ്ടുകളുടെ ചരിത്രമുണ്ട്. ജലത്തിനിടയിലെ മര്‍ദ്ദവും തിരണ്ടികള്‍ പോലുള്ള വിഷ ജീവികളെയും ഭീമാകാരമായ സ്രാവുകളെയും അതിജീവിച്ചാണ് മുമ്പേ നടന്നവര്‍ കടല്‍ ആഴികളില്നിന്ന് മുത്തുചിപ്പികള്‍ വാരികൂട്ടിയത്. ഈ സാഹസിക തൊഴിലില്‍ അറബികളായിരുന്നു വിദഗ്ധര്‍. കടല്‍ ആഴങ്ങളിലേക്കുള്ള ഓരോ മുങ്ങലിനും 60 സെക്കന്റാണ് ദൈര്‍ഘ്യം. ദിവസം 50 മുതല്‍ 200 വരെ തവണ ഇത് ആവര്‍ത്തിക്കും. മൂക്കിലും കൈവിരലുകള്‍ക്കും മാത്രം സംരക്ഷണ കവചമുണ്ടാകും. കണ്ണുകള്‍ക്കും ചെവികള്‍ക്കും പ്രതിരോധമേതുമില്ലാതെയായിരുന്നു ഈ സാഹസിക തൊഴില്‍. ഉപജീവനമാര്‍ഗമായി മുത്തുവാരല്‍ തെരഞ്ഞെടുത്തവരില്‍ പലരും ജീവിതത്തിന്റെ സായം സന്ധ്യയില്‍ അന്ധരും ബധിരരും ആയി മാറിയതും മറ്റു ചിലര്‍ അകാലത്തില്‍ പരലോകം പൂകിയതും ചങ്കിടിപ്പിക്കുന്ന ചരിത്രം. 1930കളില്‍ ജപ്പാനില്‍ കൃത്രിമ മുത്ത് നിര്‍മാണം തുടങ്ങിയതോടെ ഇതിന്റെ പ്രഭാവം മങ്ങി. എണ്ണയുടെ കണ്ടത്തെലും രണ്ടാം ലോക മഹായുദ്ധവും അറേബ്യന്‍ ഗള്‍ഫിലെ മുത്ത് വ്യാപരത്തിന് അന്ത്യം കുറിച്ചു.
മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്ത വസ്തുവാണ് മുത്ത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കളാണ് മുത്തുകളായി രൂപാന്തരപ്പെടുന്നത്. നവരത്നങ്ങളിലൊന്നായ ഇത് ആഭരണ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാംസ ഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യ വസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നതാണ് മുത്ത്. ചിപ്പിക്കുള്ളില്‍ കയറുന്ന വെള്ളത്തുള്ളി കാലങ്ങള്‍ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നായിരുന്നു പഴമക്കാരുടെ വിശ്വാസം.
‘എന്റെ അഭിനിവേശവും സ്വപ്നങ്ങളും അറേബ്യന്‍ മുത്തില്‍ വേരൂന്നിയിരിക്കുന്നു. മുത്തുകളുടെ തിളക്കം എല്ലായ്പ്പോഴും മനസിനെയും ആത്മാവിനെയും പ്രകാശിപ്പിക്കുന്നു. ഓരോ മുത്തും തന്റെ സമ്പൂര്‍ണതയെ ശക്തിപ്പെടുത്തുന്നു’ - സുവൈദി പേള്‍ ഫാം ഉടമ അബ്ദുല്ല അല്‍ സുവൈദിയുടെ വാക്കുകളെ അര്‍ഥപൂര്‍ണമാക്കുന്നതാണ് അല്‍ റംസിലെ അദ്ദേഹത്തിന്റെ ‘പേള്‍ ഫാം’. അല്‍റംസ് തീരത്ത് നിന്ന് 30 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്താണ് ഈ മുത്ത് പാഠശാലയിലെത്തുക. പ്രകൃതിയെയും സംസ്കാരത്തെയും തൊട്ടറിഞ്ഞ ബോട്ട് യാത്രയില്‍ ഒട്ടകവും ജലവും മുത്തും പിന്നെ അറബിയുമുള്പ്പെടെയുള്ള കാഴ്ച്ച സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് ഹൃദ്യമായ അനുഭവമാണ്.
പര്‍വതവും കണ്ടല്ക്കാടുമുള്പ്പെടെ പ്രകൃതി മനോഹാരിതയുടെ പശ്ചാത്തലത്തിലുള്ള അല്‍ റംസ് മല്‍സ്യ ബന്ധന ഗ്രാമമായാണ് കാലങ്ങളായി അറിയപ്പെടുന്നത്. ഓളപ്പരപ്പില്‍ ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തനം തുടങ്ങിയതോടെ കടലും മലനിരകളും ചേര്‍ന്നു നില്ക്കുന്ന അല്‍ റംസിന്റെ ഖ്യാതി ഉയര്‍ന്നു. പതിവ് യാത്രകളില്‍നിന്ന് സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നതാണ് ‘മുത്ത് പാഠശാലയിലേക്കുള്ള’ സഞ്ചാരം. നാലായിരം ചതുരശ്ര വിസ്തൃതി വരുന്നതാണ് മുത്ത് ഉല്പാദനത്തിനും പരിചരണത്തിനുമുള്ള സുവൈദിയുടെ പേള്‍ ഫാം. മുത്തു വാരലിന് പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന പായ്കപ്പലിന്െറ മാതൃകയില്‍ ഇരു നിലകളിലുള്ള ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തിക്കുന്നത് ഇതിന് മധ്യത്തിലാണ്. മുത്തു വാരലുമായി ബന്ധപ്പെട്ടതെല്ലാം ഈ പാഠശാലയില്‍ ഒരുക്കിയിരിക്കുന്നു. മുത്തിന്റെ സംസ്കരണവും വ്യാപാരവും തുടങ്ങി ഇതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പുസ്തകവും വസ്ത്രങ്ങളും. മുത്തുകളില്‍ തീര്‍ത്ത ആഭരണങ്ങളും പേനകളും ഇവിടെ വില്‍പ്പനക്കുണ്ട്. മുത്തുകളുടെ ലോകം വിപുലമാണ്. വൈവിധ്യങ്ങളും വര്‍ണങ്ങളും നിറഞ്ഞവയാണ് മുത്തുകള്‍. തൂക്കത്തിലുമുണ്ട് ഈ വൈജാത്യങ്ങള്‍. എല്ലാം ഒത്തിണങ്ങിയ മുത്തുകള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ടെന്നതും ശ്രദ്ധേയമാണ്. 2005ലാണ് റാക് അല്‍ റംസില്‍ ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തനം തുടങ്ങിയത്. സന്ദര്ശിക്കണമെന്നുള്ളവര്ക്ക് 050 8370448 നമ്പറില്‍ ബന്ധപ്പെടാം.

