ബിപോർജോയുടെ ബഹിരാകാശ ദൃശ്യങ്ങൾ പങ്കുവെച്ച് അൽ നിയാദി
text_fieldsദുബൈ: അറബിക്കടലിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയുടെ ബഹിരാകാശ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ചുഴലിക്കാറ്റിന്റെ ദൃശ്യമാണ് നിയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അറബിക്കടലിന് മുകളിൽ ചുഴിതീർക്കുന്ന കാറ്റിന്റെ ദൃശ്യങ്ങൾ അൽ നിയാദി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിപോർജോയുടെ ദൃശ്യങ്ങൾ പകർത്തുമെന്ന് സുൽത്താൻ അൽ നിയാദി രണ്ടുദിവസം മുമ്പ് പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നു. ബഹിരാകാശനടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് അൽ നിയാദി.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ചാണ് ഏപ്രില്‍ 29ന് രാത്രി ഏഴുമണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്. ബഹിരാകാശ ജീവിതത്തെക്കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നിയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

