എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കൊരുങ്ങി വിദ്യാര്‍ഥികള്‍
text_fieldsഅബൂദബി: യു.എ.ഇയിലെ പ്രവാസി വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലേക്ക്. മാര്‍ച്ച് മൂന്നോടെ മോഡല്‍ പരീക്ഷകള്‍ അവസാനിച്ച് ഫൈനല്‍ പരീക്ഷകള്‍ എഴുതാനുള്ള ഒരുക്കങ്ങളിലാണ് വിദ്യാര്‍ഥികള്‍. മാര്‍ച്ച് ഒമ്പതിനാണ് എസ്.എസ്.എല്‍.സി ബോര്‍ഡ് പരീക്ഷ ആരംഭിക്കുക. മലയാളം/അഡീഷനല്‍ ഇംഗ്ലീഷ് വിഷയത്തോടെയാണ് തുടക്കം. യു.എ.ഇ സമയം രാവിലെ എട്ടിന് പരീക്ഷ തുടങ്ങും. ചില വിഷയങ്ങള്‍ക്ക് 9.45 വരെയും ചിലതിന് 10.45 വരെയുമാണ് പരീക്ഷ സമയ. മാര്‍ച്ച് 29ന് മലയാളം സെക്കന്‍ഡ് / സ്പെഷല്‍ ഇംഗ്ലീഷോടെ അവസാനിക്കും.
പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് പത്തിനാണ് തുടങ്ങുക. സോഷ്യോളജി/ആന്ത്രപ്പോളജി/ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷയോടെയാണ് തുടക്കം. ഹോം സയന്‍സ്/ഗാന്ധിയന്‍ സ്റ്റഡീസ്/ഫിലോസഫി / ജേണലിസം/കമ്പ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളാണ് അവസാനം.
മാര്‍ച്ച് 30നാണ് അവസാനിക്കുക. പ്ലസ് വണ്‍ പരീക്ഷകളും പ്ലസ് ടു പരീക്ഷകള്‍ക്കൊപ്പം ആരംഭിക്കും. ആദ്യം പാര്‍ട്ട് ടു ലാംഗ്വേജ്/കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഐ.ടി എന്നീ പരീക്ഷകളാണ് നടക്കുക. പാര്‍ട്ട് വണ്‍ ഇംഗ്ലീഷ് പരീക്ഷയോടെ 30ന് അവസാനിക്കും. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഹാളില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മോഡല്‍ പരീക്ഷകള്‍ പൂര്‍ത്തിയായി വരികയാണ്. അവസാനവട്ട പരിശീലമെന്ന നിലക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ സ്കൂളുകള്‍ തന്നെ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഡിസംബറോടെ പാഠഭാഗങ്ങള്‍ തീര്‍ത്ത് ജനുവരില്‍ റിവിഷനും പ്രീ മോഡലും നടത്തിയാണ് കുട്ടികള്‍ ബോര്‍ഡ് പരീക്ഷക്കായി യു.എ.ഇയില്‍ തയാറെടുക്കുക.

